ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍റെ ആർഎസ്എസ് അനുകൂല പ്രസ്താവനകളിൽ അതൃപ്തി അറിയിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം. ഹൈക്കമാൻഡ് ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് എംപിമാർ ഉൾപ്പെടെയുള്ള നേതാക്കൾ ആവശ്യപ്പെട്ടു. ആർ.എസ്.എസ് ശാഖകൾക്ക് സംരക്ഷണം നൽകി, ജവഹർലാൽ നെഹ്റു വർഗീയ ഫാസിസവുമായി സന്ധി പുലർത്തി എന്നിങ്ങനെയുള്ള അദ്ദേഹത്തിന്‍റെ പ്രസ്താവനകൾ വിവാദമായിരുന്നു.
സുധാകരന്‍റെ ആവർത്തിച്ചുള്ള വിവാദ പ്രസ്താവനകളും ദേശീയ നേതൃത്വത്തിന്‍റെ അതൃപ്തിക്ക് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് എംപിമാർ ഉൾപ്പെടെ നിരവധി പേർ പരാതിയുമായി രംഗത്തെത്തിയത്. സുധാകരന്‍റെ പ്രസ്താവനകൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുകയാണെന്ന് എം.പിമാർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളും എതിർപ്പുമായി രംഗത്തെത്തിയ സാഹചര്യത്തിൽ ഹൈക്കമാൻഡ് ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
അതേസമയം, സുധാകരൻ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ചതായി കോൺഗ്രസ് ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. നാക്കുപിഴ ആർക്കും സംഭവിക്കാമെന്നും കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്നും വിഷയം യു.ഡി.എഫ് ഘടകകക്ഷികളുമായി ചർച്ച ചെയ്യുമെന്നും താരിഖ് അൻവർ പറഞ്ഞു. സുധാകരന്‍റെ പരാമർശത്തിനെതിരെ തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും താരിഖ് അൻവർ പറഞ്ഞു. സുധാകരൻ പരസ്യമായി ഖേദം പ്രകടിപ്പിക്കുകയും പ്രസ്താവന തിരുത്തുകയും ചെയ്തതോടെ വിവാദം അവസാനിച്ചെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും അറിയിച്ചു.