ഹജ്ജ് പുറപ്പെടൽ കേന്ദ്രം : കണ്ണൂരിന് സാധ്യത 

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹജ്ജ് പുറപ്പെടൽ കേന്ദ്രം അനുവദിക്കാനുള്ള സാധ്യതയേറി. ഒപ്പം കോഴിക്കോട്ട് കരിപ്പൂരിൽ നേരത്തെയുണ്ടായതും ഇടക്കാലത്ത് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയതുമായ ഹജ്ജ് പുറപ്പെടൽ കേന്ദ്രം പുനഃസ്ഥാപിക്കും.

ഹജ്ജ് തീർത്ഥാടകർക്ക് ഏറ്റവും അടുത്തുള്ള വിമാനത്താവളത്തിൽ നിന്ന് ഏറ്റവും ചെലവ് കുറഞ്ഞ രീതിയിൽ ഹജ്ജിന് പോകാനുള്ള അവസരമൊരുക്കാനുള്ള പഠനത്തിനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി വ്യോമയാന മന്ത്രാലയത്തിന്റെ പ്രതിനിധിയെ ദൽഹിയിൽ ചേർന്ന കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ചുമതലപ്പെടുത്തി.

നിലവിൽ രാജ്യത്തൊട്ടാകെ പത്ത് ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളാണുള്ളത്. ഇത് ഇരട്ടിയാക്കി വർധിപ്പിക്കുന്നതോടൊപ്പം കണ്ണൂരിലും കോഴിക്കോട്ടും ഹജ്ജ് പുറപ്പെടൽ കേന്ദ്രം ആരംഭിക്കാൻ കഴിയുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ ഏ.പി. അബ്ദുല്ലക്കുട്ടി പ്രത്യാശ പ്രകടിപ്പിച്ചു.

തീർത്ഥാടകർക്ക് കുടയും കിടക്കയും നൽകുന്നതിന് അവരിൽ നിന്ന് പണം ഇൗടാക്കുന്ന രീതി അവസാനിപ്പിക്കാൻ യോഗത്തിൽ ധാരണയായി. ന്യൂനപക്ഷ കാര്യ മന്ത്രി സ്മൃതി ഇറാനിയുടെ അധ്യക്ഷതയിൽ ദൽഹിയിൽ ചേർന്ന യോഗം പുതിയ ഹജ്ജ് നയം രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു. 

കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയും കമ്മിറ്റിയംഗം പി.ഏ. അബ്ദുസ്സലാം എന്നിവരും സംബന്ധിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കും സ്വകാര്യ ഏജൻസികൾക്കുമുള്ള ഹജ്ജ് ക്വാട്ട 85ഃ15 എന്ന അനുപാതത്തിലാക്കാൻ കേരള ഹജ്ജ് കമ്മിറ്റി കേന്ദ്ര യോഗത്തിൽ ആവശ്യപ്പെട്ടു.

ഹജ്ജ് തീർത്ഥാടകർ ഒറിജിനൽ പാസ്പോർട്ട് സമർപ്പിക്കുന്നതിന് പകരം പാസ്പോർട്ട് അയക്കാനുള്ള സംവിധാനമുണ്ടാക്കണമെന്നും കോഴിക്കോട്ട് നിന്ന് ഹജ്ജ് സർവ്വീസ് പുനരാരംഭിക്കണമെന്നും കേരള ഹജ്ജ് കമ്മിറ്റിയാവശ്യപ്പെട്ടു.

60 വയസ്സിന് മുകളിലുള്ളവർക്ക് നറുക്കെടുപ്പില്ലാതെ ഹജ്ജ് തീർത്ഥാടനത്തിന് അനുവദിക്കുക, ആൺതുണ(മഹറം)യില്ലാതെ ഹജ്ജിന് അനുവദിക്കുന്ന സ്ത്രീകളുടെ എണ്ണം കൂട്ടുക, മക്കയിലെയും മദീനയിലെയും താമസവേളയിൽ ഭക്ഷണത്തിന്റെയും താമസ സൗകര്യങ്ങളുടെയും കാര്യത്തിൽ സംസ്ഥാനങ്ങളുടെ താൽപ്പര്യം കൂടി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളും കേരള ഹജ്ജ് കമ്മിറ്റി ഉന്നയിച്ചു.

LatestDaily

Read Previous

വിദേശ ഭാഷാ പഠന കേന്ദ്രം കാസർകോട്ട്

Read Next

ഉംറ; വിദേശ തീർത്ഥാടകരിൽ ഒന്നാമത് ഇന്തൊനീഷ്യ, ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം