കുണ്ടംകുഴി നിക്ഷേപ തട്ടിപ്പ് പ്രതികളുടെ മുൻകൂർ ഹരജി നാളെ ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : കുണ്ടങ്കുഴി ആസ്ഥാനമായി നടന്ന ജി.ബി.ജി. നിധി സാമ്പത്തിക തട്ടിപ്പിൽ ബേഡകം പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. സ്ഥാപനത്തിന്റെ ഡയറക്ടർമാർ നൽകിയ മുൻകൂർ ജാമ്യഹരജിയാണ് ഹൈക്കോടതി നാളെ പരിഗണിക്കുന്നത്. അമിത പലിശ വാഗ്ദാനം ചെയ്ത് കോടിക്കണക്കിന് രൂപ പൊതുജനങ്ങളിൽ നിന്ന് സ്വരൂപിച്ച കമ്പനിക്കെതിരെ മാവുങ്കാൽ മൂലക്കണ്ടം സ്വദേശി പി.കെ. മുരളീധരൻ ബേഡകം പോലീസിൽ നൽകിയ പരാതിയിൽ കമ്പനി ചെയർമാൻ വിനോദ്കുമാർ, പെരിയ ഗംഗാധരൻ മുതലായ ഏഴു ഡയറക്ടർമാരാണ് പ്രതികൾ.

കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നായി 1000 കോടിയോളം രൂപയാണ് സ്ഥാപനം നിക്ഷേപമായി സ്വീകരിച്ചത്. അഞ്ഞൂറോളം ഏജന്റുമാർ മണി ചെയിൻ മാതൃകയിലാണ് നിക്ഷേപകരിൽ നിന്ന് ഇതിനകം പണം സ്വീകരിച്ചത്. ബാങ്കുകൾക്ക് പോലും നൽകാൻ പറ്റാത്ത വിധത്തിലുള്ള ലാഭമാണ് ജി.ബി.ജി. നിധി എന്ന സ്ഥാപനം  നിക്ഷേപകർക്ക് വാഗ്ദാനം ചെയ്തിരുന്നത്. മുഖ്യധാരാ മാധ്യമങ്ങളെല്ലാം മൂടി വെച്ചിരുന്ന സാമ്പത്തിക തട്ടിപ്പുകൾ ലേറ്റസ്റ്റ് പുറത്തുവിട്ടതോടെയാണ് തട്ടിപ്പ് പുറംലോകമറിഞ്ഞത് .

സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് പരാതി നൽകിയ പി.കെ. മുരളീധരനെ സ്ഥാപനത്തിന്റെ മുഖ്യ ഏജന്റായ നീലേശ്വരം സ്വദേശിയും സംഘവും ഭീഷണിപ്പെടുത്തിയിരുന്നു. അതിനിടെ പരാതി മാധ്യമങ്ങളുടെ ബ്ലാക്ക് മെയിലിങ്ങിന്റെ ഭാഗമാണെന്ന് വരുത്തിത്തീർക്കാനും, സ്ഥാപനത്തിന്റെ ഡയറക്ടർ വിനോദ്കുമാറിന്റെ നേതൃത്വത്തിൽ ശ്രമം നടന്നു.

ഇതിനായി പരാതിക്കാരന്റെ വെളിപ്പെടുത്തൽ എന്ന രീതിയിൽ പി.കെ. മുരളീധരന്റെ ഫോട്ടോ ഉപയോഗിച്ച് വിനോദ്കുമാറിന്റെ നേതൃത്വത്തിൽ തെറ്റായ നവമാധ്യമ പ്രചാരണവും നടത്തി. ഇതിനെതിരെ പി.കെ. മുരളീധരൻ അമ്പലത്തറ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ജിബിജി നിധി ആസ്ഥാനത്തേക്ക് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയിരുന്നു.സാമ്പത്തിക തട്ടിപ്പ് കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം.

ബേഡകം പോലീസ് 3 ടീമുകളായാണ് ജി.ബി.ജി തട്ടിപ്പ് കേസിന്റെ അന്വേഷണം നടത്തിവരുന്നത്. വിനോദിന്റെ വീട്ടിൽ നടന്ന പോലീസ് റെയ്ഡിൽ വിലപ്പെട്ട പല രേഖകളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്.

LatestDaily

Read Previous

എൽദോസ് കേസിൽ പരാതിക്കാരിയെ മർദിച്ച സംഭവം; അഭിഭാഷകരെ പ്രതി ചേർത്ത നടപടിക്ക് സ്റ്റേ

Read Next

ഇർഫാന വന്നു; പെൺസുഹൃത്തിനൊപ്പം പോയി