ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: പ്രമാദമായ ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസ്സന്വേഷണം അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥർ ഏറ്റെടുത്തിട്ടും, ഒച്ചിന്റെ വേഗത. ക്രൈം ഐജി ഗോപേഷ് അഗർവാളിന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവി ഡി. ശിൽപ്പ, കാസർകോട് ഏഎസ് പിയും, സ്പെഷ്യൽ മൊബൈൽ സ്ക്വാഡിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ വിവേക് കുമാർ അടക്കം അഞ്ച് ഐപിഎസ് ഉദ്യോഗസ്ഥരുടെ കൈകളിലാണ് ഇപ്പോൾ ഫാഷൻ ഗോൾഡ് കേസ്സുകൾ ഉരുണ്ടുമറിയുന്നത്.
മഞ്ചേശ്വരം എംഎൽഏ എം.സി. ഖമറുദ്ദീൻ , ചന്തേരയിലെ സിദ്ധൻ, ടി.കെ. പൂക്കോയ തങ്ങൾ, എന്നിവർക്കെതിരെ 85 കേസ്സുകളാണ് ചന്തേര, കാസർകോട് പോലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. 150 കോടി രൂപയിൽ അധികം വരുന്ന നിക്ഷേപത്തട്ടിപ്പ് നടന്ന ലോകം തന്നെ നടുങ്ങിയ ഈ രാഷ്ട്രീയ-ആത്മീയത്തട്ടിപ്പു കേസ്സിന്റെ അന്വേഷണത്തിൽ നാളിതുവരെയായി പത്തു ശതമാനം പോലും അന്വേഷണം മുന്നോട്ടു നീക്കാൻ ഐപി എസ് അന്വേഷണ സംഘത്തിനും കഴിയാത്ത കനത്ത പരാജയമാണ് ഈ തട്ടിപ്പുകേസ്സുകളിൽ സംഭവിച്ചിട്ടുള്ളത്.
കമ്പനി രജിസ്ട്രാറിൽ കമ്പനി നിയമമനുസരിച്ച് രജിസ്റ്റർ ചെയ്ത 3 ജ്വല്ലറി സ്ഥാപനങ്ങളുടെ പേരിലാണ് എം. സി. ഖമറുദ്ദീൻ വൻ തട്ടിപ്പുകൾക്ക് കളമൊരുക്കിയത്. കമ്പനി നിയമങ്ങൾ കാറ്റിൽപ്പറത്തി കമ്പനിയിലേക്ക് അനധികൃതമായി നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകരെ ഒന്നടങ്കം വഞ്ചിക്കുകയും ചെയ്ത കൊടും വഞ്ചനയിൽ ഇന്ത്യൻ ശിക്ഷാ നിയമം 420, 406 ചതി, വഞ്ചന കുറ്റകൃത്യങ്ങൾ ചേർത്ത് രണ്ടര മാസം മുമ്പ് ചന്തേര പോലീസാണ് ആദ്യത്തെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
സാധാരണ രീതിയിൽ ഇത്തരം ചതി-വഞ്ചന കേസ്സുകൾ രജിസ്റ്റർ ചെയ്താലുടൻ കേസ്സിൽ ഉൾപ്പെട്ട പ്രതികളെ പോലീസ് അറസ്റ്റ് ചെയ്യുകയും, കുറ്റകൃത്യം കോടതിയിൽ തെളിയിക്കാൻ ആവശ്യമായ രേഖകൾ പ്രതികളിൽ നിന്ന് പിടിച്ചെടുക്കുകയുമാണ് പോലീസിന്റെ ക്രമിനൽ നടപടിച്ചട്ടം. ഫാഷൻ ഗോൾഡിൽ എം.സി. ഖമറുദ്ദീനും, ടി.കെ. പൂക്കോയ തങ്ങളും വൻ ലാഭം മോഹിപ്പിച്ച് നിക്ഷേപകരിൽ നിന്ന് വഴിവിട്ടു വാങ്ങിയ ലക്ഷങ്ങളും, കോടികളും പ്രതികൾ ഇരുവരും റിയൽ എസ്റ്റേറ്റ് വ്യാപാരത്തിലും, ഗൾഫിലെ ബാങ്ക് അക്കൗണ്ടുകളിലും വകമാറ്റി നിക്ഷേപിച്ചിട്ടുണ്ട്.
ഈ രീതിയിൽ കമ്പനി നിക്ഷേപം വകമാറ്റിയതിനും പണം ധൂർത്തടിച്ചതിനുമുള്ള സകല തെളിവുകളും ഫാഷൻ ഗോൾഡിന്റെ പേരിൽ കമ്പനി ബാലൻസ്ഷീറ്റ് രേഖകളിലുമുണ്ട്. ഖമറുദ്ദീന്റെയും, ടി.കെ. പൂക്കോയയുടെയും പേരിൽ മൂന്നു കമ്പനികളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഈ മൂന്ന് കമ്പനികളുടെയും രേഖകൾ കൊച്ചിയിലുള്ള കമ്പനി രജിസ്ട്രാറിൽ നിന്ന് ഔദ്യോഗികമായി ശേഖരിക്കാൻ പോലും ഇന്നു വരെ, ക്രൈംബ്രാഞ്ചിനും ഐപിഎസ് കേസ്സന്വേഷണ സംഘത്തിനും കഴിയാത്ത ദുരവസ്ഥയുണ്ടായിട്ടുണ്ട്. പ്രതികളെ അറസ്റ്റ് ചെയ്യാൻ ശക്തമായ തെളിവുകൾ വേണമെന്ന പല്ലവി ആദ്യം ലോക്കൽ പോലീസും, പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചും, സംസ്ഥാന ക്രൈംബ്രാഞ്ചും ആവർത്തിച്ചിരുന്നു.
ഇപ്പോൾ, ഐപിഎസ് അന്വേഷണ സംഘം ആവർത്തിക്കുന്നതും, കേസ്സിൽ തെളിവുകൾ കിട്ടിയിട്ടില്ലെന്നാണ്. കമ്പനിയുടെ പേര് പുകമറയാക്കി പൂക്കോയയും, ഖമറുദ്ദീനും കൈപ്പറ്റിയ ലക്ഷങ്ങൾ വരുന്ന പണത്തിന് നൂറു രൂപയുടെ മുദ്രപത്രത്തിൽ ഒപ്പിട്ടു നൽകിയ രസീത് വഞ്ചിതരായ മുഴുവൻ നിക്ഷേപകരുടെ കൈകളിലും സുരക്ഷിതമായുണ്ട്. ഈ രസീതിന്റെ പകർപ്പ് ഹാജരാക്കിയാണ് വഞ്ചിക്കപ്പെട്ടവർ 90 പരാതികളും പോലീസിന് നൽകിയതും, പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തിട്ടുള്ളതും.
പ്രതികളെ അറസ്റ്റ് ചെയ്യാൻ ഇതിൽപ്പരം തെളിവുകൾ കേസ്സന്വേഷണ സംഘത്തിന് വേറെ ആവശ്യമില്ലെന്നിരിക്കെയാണ് ”തെളിവുകൾ വേണം” എന്ന മുടന്തൻ ന്യായം ഉയർത്തി കേസ്സന്വേഷണ സംഘം ഉരുണ്ടു കളിക്കുന്നത്.