ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ നീക്കാനുള്ള ഓർഡിനൻസ് രാജ്ഭവനിലെത്തി. മന്ത്രിമാർ ഒപ്പിട്ട ഓർഡിനൻസ് ഇന്ന് രാവിലെയാണ് രാജ്ഭവനിലേക്ക് അയച്ചത്. തന്നെ ബാധിക്കുന്ന ഓർഡിനൻസായതിനാൽ ശുപാർശയ്ക്കായി രാഷ്ട്രപതിക്ക് അയയ്ക്കാമെന്നാണ് ഗവർണറുടെ നിലപാട്. രാഷ്ട്രപതിക്ക് അയച്ചാൽ തീരുമാനം ഉണ്ടാകുന്നത് വരെ ബിൽ അവതരിപ്പിക്കാൻ കഴിയില്ല.
ഓർഡിനൻസ് രാഷ്ട്രപതി പരിഗണിക്കുമ്പോൾ പകരം ബിൽ നിയമസഭയിൽ കൊണ്ടുവരാൻ കഴിയില്ലെന്ന ചട്ടമുണ്ട്. അതിനാൽ നിയമനിർമാണം അനിശ്ചിതകാലത്തേക്ക് നീണ്ടേക്കും. ഇന്ന് രാവിലെ തിരുവല്ലയിലേക്ക് പുറപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വൈകുന്നേരത്തോടെ ഡൽഹിയിലേക്ക് തിരിക്കും. 20ന് തിരിച്ചെത്തും. നിയമസഭ ചേരുന്നതിന് മുമ്പ് രാജ്ഭവനിൽ ഓർഡിനൻസ് ലഭിച്ചാൽ കേരളത്തിന് പുറത്ത് ആണെങ്കിൽ പോലും ഇ-ഫയലിലൂടെ ഓർഡിനൻസ് സ്വീകരിച്ച് ഗവർണർക്ക് നടപടിയെടുക്കാം. ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിയമസഭ ചേരുന്ന കാര്യം ചർച്ച ചെയ്യും. നിയമസഭ ചേരാൻ തീരുമാനിക്കുകയാണെങ്കിൽ, ഈ ഓർഡിനൻസിന് പിന്നെ പ്രസക്തിയില്ല.
ഗവർണർ പദവി വഹിക്കുന്ന വ്യക്തി സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലർ കൂടിയായിരിക്കണം എന്ന വകുപ്പാണ് ഓർഡിനൻസിലൂടെ നീക്കാൻ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചത്. ഇതിനായി എല്ലാ സർവകലാശാലകളുടെയും ചട്ടങ്ങളിൽ ഭേദഗതി വരുത്താനും തീരുമാനമായിരുന്നു. ഭരണഘടനയിൽ നിക്ഷിപ്തമായ ചുമതലകൾ നിർവഹിക്കേണ്ട ഗവർണറെ സർവകലാശാലകളുടെ തലപ്പത്ത് ചാൻസലറായി നിയമിക്കുന്നത് ഉചിതമല്ലെന്ന പൂഞ്ചി കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ കൂടി പരിഗണിച്ചാണ് തീരുമാനം.