ലീഗിൽ അധ്യക്ഷ പദവി കൊതിച്ച് 3 വനിതകൾ

കാഞ്ഞങ്ങാട്: ഇത്തവണ നഗരഭരണം യുഡിഎഫിന് ലഭിക്കുമെന്നും, അധ്യക്ഷ പദവി മുസ്്ലീം ലീഗിന്റെ കൈയ്യിലെത്തുമെന്നും പ്രതീക്ഷ പുലർത്തുന്നവരിൽ നാലു വനിതകൾ.  വാർഡ് 16-ൽ നിന്നുള്ള മുസ്്ലീം ലീഗ് പ്രതിനിധി ടി.കെ. സുമയ്യ അലാമിപ്പള്ളി – മന്ന്യോട്ട് പ്രദേശമുൾക്കൊള്ളുന്ന വാർഡിൽ തന്നെ ഇക്കുറി മൂന്നാം തവണയും ജനവിധി തേടും.


മുൻ കൗൺസിലർ സി.എച്ച്. സുബൈദ ഹൊസ്ദുർഗ് ബീച്ച് 40-ാം വാർഡിൽ ഇത്തവണ മുസ്്ലീം ലീഗ് പ്രതിനിധിയായി സീറ്റ് ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു. സിറ്റിംഗ് കൗൺസിലർ ഖദീജ ഹമീദ് കുശാൽ നഗർ 39-ാം വാർഡിലും സീറ്റുറപ്പിച്ചു. സിപിഎമ്മിലെ സന്തോഷ് തിരഞ്ഞെടുക്കപ്പെട്ട ഈ വാർഡ് ഇത്തവണ വനിതയാണ്.


മൂന്നാം തവണയും വിജയിച്ചു വരുന്ന സുമയ്യയ്ക്ക് ചെയർപേഴ്സൺ പദവി നൽകണമെന്ന് വാദിക്കുന്നത് ലീഗിന് പുറത്തുള്ള സുമയ്യയുടെ ആരാധകരാണ്. തൽസമയം മുസ്്ലീം ലീഗിൽ പ്രായം കൊണ്ട് സീനിയറായ വനിത സി.എച്ച്. സുബൈദ ചെയർപേഴ്സൺ പദവി തനിക്ക് കിട്ടണമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, നിലവിലുള്ള ലീഗ് പ്രതിനിധി ഖദീജ ഹമീദ് ലീഗിൽ എല്ലാംകൊണ്ടും സീനിയറായ തനിക്ക് അധ്യക്ഷ പദവി ലഭിക്കണമെന്ന ആഗ്രഹം നഗരസഭ ലീഗ് കമ്മിറ്റിയിൽ ഉയർത്തിയിട്ടുണ്ട്.


നഗരഭരണം യുഡിഎഫിന് ലഭിക്കുകയും, ചെയർപേഴ്സൺ പദവി ലീഗ് സ്വന്തമാക്കുകയും ചെയ്താൽ, ഈ മൂന്ന് വനിതകളിൽ ആർക്കാവും അധ്യക്ഷ പദവി അലങ്കരിക്കാനുള്ള ഭാഗ്യമെന്ന് കാത്തിരുന്ന് കണ്ടറിയണം.  ഇനി ചെയർപേഴ്സൺ പദവി നറുക്കെടുപ്പിൽ പട്ടിക വിഭാഗത്തിന് വീണുകിട്ടുകയാണെങ്കിൽ അധ്യക്ഷപദവി കൊതിച്ച മൂന്ന് സ്ത്രീകളും നിരാശരാവുകയും ചെയ്യും.

LatestDaily

Read Previous

ചിത്താരിയിൽ കട കൊള്ളയടിച്ചു നടന്നത് ഹൈട്ടെക് കവർച്ച∙ സിസിടിവിയുടെ ഹാർഡ് ഡിസ്ക് തന്നെ കൊണ്ടു പോയി

Read Next

എം. പിയുടെ നിരാഹാര പ്രഖ്യാപനം നനഞ്ഞ പടക്കമായി