അന്ധവിശ്വാസങ്ങൾക്കെതിരെ ശക്തമായ ഇടപെടലിന് സിപിഎം

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : അന്ധവിശ്വസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശക്തമായ നിയമ നിർമ്മാണം നടത്താൻ, കഴിഞ്ഞ ദിവസങ്ങളിൽ ചേർന്ന സിപിഎം സംസ്ഥാന സമിതിയും പാർട്ടി സംസ്ഥാന സിക്രട്ടറിയേറ്റും സംസ്ഥാന സർക്കാറിന് അനുമതി നൽകി.

അന്ധവിശ്വാസങ്ങൾക്കടിമപ്പെട്ട് കേരളത്തിൽ അറുംകൊല വരെ നടന്ന സാഹചര്യത്തിൽ സിപിഎമ്മിന് കടുത്ത ആശങ്കയുണ്ട്. ഇതിന് തടയിടാൻ നിയമ നിർമ്മാണം ഉൾപ്പെടെ കൊണ്ടുവരണമെന്നാണ് പാർട്ടിയുടെ ആവശ്യം. ദുരാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പാർട്ടി ശക്തമായ പ്രചാരണവും സംഘടിപ്പിക്കും. അന്ധവിശ്വാസങ്ങൾക്കെതിരെ ഫലപ്രദമായ നിയമത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന സിക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു.

വിശ്വാസവും അന്ധവിശ്വാസവും കൃത്യമായി തിരിച്ചറിയാനാവുമെന്നും, അദ്ദേഹം ചൂണ്ടിക്കാട്ടി. സാംസ്ക്കാരിക രംഗത്തെ അരാഷ്ട്രീയ വൽക്കരണത്തെ ചെറുത്ത് തോൽപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സാംസ്ക്കാരിക രേഖയ്ക്കും പാർട്ടി അംഗീകാരം നൽകി. സാംസ്ക്കാരിക രംഗത്ത് പാർട്ടിയുടെ ഇടപെടൽ കുറയുന്നതായി എറണാകുളം സമ്മേളനത്തിൽ വിമർശനമുണ്ടായിരുന്നു.

ഇൗ സാഹചര്യം കൂടി കണക്കിലെടുത്താണ്  സാംസ്ക്കാരിക രേഖയ്ക്ക് രൂപം നൽകിയത്. ചരിത്രത്തെയും സാംസ്ക്കാരത്തെയും തെറ്റായി വ്യാഖ്യാനിക്കുന്ന സംഘ് പരിവാർ നീക്കം തടയാൻ സാംസ്ക്കാരിക മേഖലയിലെ പാർട്ടി ഇടപെടൽ കൂടുതൽ ശക്തമാക്കും. ലൈബ്രറികൾ ഉൾപ്പെടെ പൊതു ഇടങ്ങൾ മത നിരപേക്ഷതയുടെ അടിസ്ഥാനത്തിൽ സംരക്ഷിക്കാനുള്ള ശ്രമവും പാർട്ടി നടത്തും.

ഇന്ത്യ, ഹിന്ദു, ഹിന്ദുസ്ഥാൻ എന്ന കേന്ദ്ര സർക്കാറിന്റെ മത ധ്രുവീകരണ ശ്രമങ്ങൾ തുറന്നു കാട്ടാനുള്ള പ്രവർത്തനവും പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടാവും. സംസ്ഥാനത്തിന്റെ അധികാരങ്ങൾ കവരുകയും സഹായം നിഷേധിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ശക്തമായ വിമർശങ്ങളാണ് സംസ്ഥാന സമിതിയിലുണ്ടായത്.

LatestDaily

Read Previous

കാഞ്ഞങ്ങാട് കല്ലംചിറയില്‍ ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് കടന്നല്‍ കുത്തേറ്റു; ഒരാളുടെ നില ഗുരുതരം

Read Next

കൊളോണിയൽ പൊലീസ് നിയമങ്ങളുടെ തുടർച്ചയാണ് കേരള പൊലീസ് നിയമം: സുപ്രീം കോടതി