കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചത് ഹൈക്കോടതി റദ്ദാക്കി

ബെംഗളൂരു: കോൺഗ്രസിന്റെയും ഭാരത് ജോഡോ യാത്രയുടെയും ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിച്ച സാമ്പത്തിക കോടതിയുടെ ഉത്തരവ് കർണാടക ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇന്ന് ഉച്ചയ്‌ക്ക് മുമ്പ് അക്കൗണ്ടിലെ പകർപ്പവകാശ ഗാനത്തോടെയുള്ള ക്ലിപ്പ് നീക്കം ചെയ്യണമെന്നും കോടതി നിർദ്ദേശിച്ചു. കെ.ജി.എഫ് ചാപ്ടർ 2ലെ സംഗീതം ‘ഭാരത് ജോഡോ” ഗാനത്തിൽ ഉപയോഗിച്ചുവെന്ന എം.ആർ.ടി സ്റ്റുഡിയോസിന്റെ ഹർജിയിലാണ് അക്കൗണ്ടുകൾ മരവിപ്പിക്കാൻ കോടതി നിർദ്ദേശിച്ചത്.

കോൺഗ്രസിന്റെ ഹർജിയിൽ ജസ്റ്റിസുമാരായ ജി.നരേന്ദർ, പി.എൻ.ദേശായി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇന്നലെ വൈകിട്ട് അടിയന്തര വാദം കേൾക്കുകയായിരുന്നു. അഭിഷേക് സിങ്‌വിയാണ് കോൺഗ്രസിനുവേണ്ടി ഹാജരായത്. ഈ ഗാനം ഒക്ടോബർ മുതൽ കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടിൽ ഉണ്ടെന്നും എന്നാൽ നവംബർ രണ്ടിനാണ് കേസ് നൽകാൻ എംആർടി തയാറായതെന്നും അഭിഷ് സിങ്‌‌വി പറ‍ഞ്ഞു. കാരണം വിശദീകരിക്കാൻ പോലും സമയം നൽകാതെ കീഴ്ക്കോടതി ട്വിറ്റർ അക്കൗണ്ട് വിലക്കി ഉത്തരവിടുകയായിരുന്നു. സാമ്പത്തികനേട്ടത്തിനുവേണ്ടിയല്ല ഗാനം ഉപയോഗിച്ചതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പോസ്റ്റ് ചെയ്ത 2 വിഡിയോകളിൽ അനുമതിയില്ലാതെ കെ.ജി.എഫ് ചാപ്ടർ 2ലെ ഗാനം ഉപയോഗിച്ചെന്നായിരുന്നു പരാതി. നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസിന്റെ സമൂഹമാധ്യമ ചുമതലയുള്ള സുപ്രിയ ശ്രീനാട്ടെ എന്നിവരെയും പ്രതി ചേർത്താണ് എംആർടി മ്യൂസിക് കമ്പനി പരാതി നൽകിയത്.

K editor

Read Previous

രാജ്യം മന്‍മോഹന്‍ സിംഗിനോട് കടപ്പെട്ടിരിക്കുന്നു; പുകഴ്ത്തി ഗഡ്കരി

Read Next

ബ്രസീൽ പാർലമെന്റിനെ അഭിസംബോധന ചെയ്ത് വി. മുരളീധരൻ