ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ പനിക്ക് കുത്തിവയ്പ്പെടുത്ത ആറ് വയസുള്ള കുട്ടി മരിച്ചു. രാജപാളയം സ്വദേശിയായ മഹേശ്വരന്റെ മകൻ കവി ദേവനാഥനാണ് മരിച്ചത്. സംഭവത്തെ തുടർന്ന് കുട്ടിക്ക് കുത്തിവയ്പ്പ് നൽകിയ സ്വകാര്യ ക്ലിനിക്കിലെ വനിതാ ഡോക്ടർ കാതറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പരിശോധനയിൽ യുവതി വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തി.
പനി ബാധിച്ച ദേവനാഥനെ നവംബർ നാലിനാണ് അച്ഛൻ മഹേശ്വരൻ കാതറിന്റെ ക്ലിനിക്കിൽ എത്തിച്ചത്. കുത്തിവയ്പ്പിന് ശേഷം വീട്ടിൽ തിരിച്ചെത്തിയ കുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടു. കാലിൽ നീരും കടുത്ത വേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് പിതാവ് കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് പാരസെറ്റമോൾ കുത്തിവയ്പ്പെടുത്തു. എന്നാൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുട്ടി കുഴഞ്ഞുവീഴുകയായിരുന്നു. കുട്ടിയെ രാജപാളയം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അച്ഛൻ മഹേശ്വരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസും ആരോഗ്യവകുപ്പും അന്വേഷണം നടത്തിയത്. കാതറിൻ കുത്തിവയ്പ്പ് നൽകിയ ഭാഗത്തുണ്ടായ അണുബാധയെ തുടർന്നാണ് കുട്ടിയുടെ ആരോഗ്യനില വഷളായതെന്നാണ് പ്രാഥമിക നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ കാതറിന്റെ ക്ലിനിക്കിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ വ്യാജ ഡോക്ടറാണെന്ന് കണ്ടെത്തിയത്. ക്ലിനിക്കിൽ നിന്ന് നിരവധി മരുന്നുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.