ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: മറ്റ് സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത ടൂറിസ്റ്റ് വാഹനങ്ങൾക്ക് കേരളത്തിലും നികുതി ഈടാക്കാമെന്ന് കേരള ഹൈക്കോടതി. സർക്കാർ നീക്കം തടയണമെന്ന ബസുടമകളുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. കേന്ദ്രനിയമത്തിന്‍റെ അഭാവത്തിൽ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെന്നും കോടതി പറഞ്ഞു. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽ നിന്ന് ഓൾ ഇന്ത്യ പെർമിറ്റ് ഫീസ് കൂടാതെ സംസ്ഥാനം നികുതി പിരിക്കുന്നത് കേന്ദ്ര സംവിധാനം അട്ടിമറിക്കാനുള്ള നീക്കമാണെന്ന് വാഹന ഉടകൾ ആരോപിച്ചിരുന്നു.
ഓൾ ഇന്ത്യ പെർമിറ്റ് ആൻഡ് ഓതറൈസേഷൻ റൂൾസ്, 2021 പ്രകാരം കേരളത്തിൽ രജിസ്റ്റർ ചെയ്യേണ്ട വാഹനങ്ങൾ നാഗാലാൻഡ്, ഒഡീഷ, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പിന്റെ നീക്കം. രജിസ്ട്രേഷൻ കേരളത്തിലേക്ക് മാറ്റിയില്ലെങ്കിൽ കേരള മോട്ടോർ വെഹിക്കിൾ ടാക്സേഷൻ ആക്ട് പ്രകാരം നികുതി ഈടാക്കുമെന്ന് സംസ്ഥാന സർക്കാർ നിലപാടെടുത്തതോടെയാണ് ബസുടമകൾ ഹൈക്കോടതിയെ സമീപിച്ചത്.
നവംബർ 1നകം കേരളത്തിലേക്ക് രജിസ്ട്രേഷൻ മാറ്റുകയോ നികുതി അടയ്ക്കുകയോ ചെയ്യാത്ത വാഹനങ്ങൾ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത് അഖിലേന്ത്യാ പെർമിറ്റിൽ തമിഴ്നാട്ടിലേക്ക് സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസുകളിൽ നിന്നും തമിഴ്നാട് നികുതി ഈടാക്കുന്നുണ്ടെന്നും ഈ നീക്കം തമിഴ്നാട് ഹൈക്കോടതി ശരിവച്ചതായും ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.