പരിശോധനയില്ലാതെ എസ്സന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ്; സുപ്രീം കോടതി കേരളത്തോട് വിശദീകരണം തേടി

ന്യൂഡല്‍ഹി: കെ.കെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കെ സ്വകാര്യ മെഡിക്കൽ കോളേജിന് പരിശോധന പോലും നടത്താതെ എസ്സന്‍ഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ സുപ്രീം കോടതി വിശദീകരണം തേടി. പാലക്കാട് ചെർപ്പുളശ്ശേരിയിലെ റോയൽ എഡ്യൂക്കേഷണൽ ട്രസ്റ്റിന്‍റെ മെഡിക്കൽ കോളേജിന് പരിശോധന പോലും നടത്താതെ എസ്സന്‍ഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിലാണ് വിശദീകരണം തേടിയത്. രണ്ടാഴ്ചയ്ക്കകം വിശദീകരണം സത്യവാങ്മൂലമായി സമർപ്പിക്കാൻ ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, ബി.വി. നാഗരത്ന എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് നിർദേശം നൽകിയത്.

വാളയാറിൽ മെഡിക്കൽ കോളേജ് തുടങ്ങാൻ സംസ്ഥാന സർക്കാർ എസ്സന്‍ഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് ആരോപിച്ച് വി എൻ പബ്ലിക് ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ ട്രസ്റ്റ് സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കവെയാണ് സുപ്രീം കോടതി വിശദീകരണം തേടിയത്. പുതിയ കോളേജുകൾക്ക് എസ്സന്‍ഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകേണ്ടതില്ലെന്ന നയപരമായ തീരുമാനം ചൂണ്ടിക്കാട്ടിയാണ് സർട്ടിഫിക്കറ്റുകൾ നിഷേധിക്കുന്നതെന്ന് വി എൻ പബ്ലിക് ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ ട്രസ്റ്റിന് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു.

എന്നാൽ ഇക്കാലയളവിൽ ചെർപ്പുളശ്ശേരിയിലെ റോയൽ എഡ്യൂക്കേഷണൽ ട്രസ്റ്റിന്‍റെ മെഡിക്കൽ കോളേജിന് പരിശോധന പോലും നടത്താതെ അവശ്യ സർട്ടിഫിക്കറ്റ് നൽകിയെന്നും അദ്ദേഹം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട വിവരാവകാശ രേഖയും സുപ്രീം കോടതിക്ക് കൈമാറി. ഇത് എങ്ങനെ സംഭവിച്ചുവെന്ന് ജസ്റ്റിസ് ബി.ആർ ഗവായ് സംസ്ഥാന സർക്കാർ അഭിഭാഷകനോട് ചോദിച്ചു. തുടർന്ന് രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി സർക്കാരിന് നിർദ്ദേശം നൽകി.

K editor

Read Previous

അബ്ദുൾ അസീസ് ഏഴാം തവണയും അറസ്റ്റിൽ

Read Next

വായു നിലവാരം മെച്ചപ്പെടുന്നു; മലിനീകരണ നിയന്ത്രണങ്ങൾ പിൻവലിച്ച് ഡൽഹി