കണ്ണൂർ – ജിദ്ദ എയർ ഇന്ത്യ വിമാനം സർവ്വീസ് തുടങ്ങി

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട്: നീണ്ട കാത്തിരിപ്പിനൊടുവിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് സൗദിയിലെ  ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാന സർവ്വീസ് തുടങ്ങി. എല്ലാ ഞായറാഴ്ചകളിലും എയർ ഇന്ത്യാ എക്സ്പ്രസാണ്  കണ്ണൂർ-ജിദ്ദ സെക്ടറിൽ  സർവ്വീസ് നടത്തുന്നത്.

ഇന്നലെ രാവിലെ 10 മണിക്ക് 172 യാത്രക്കാരുമായാണ് ആദ്യ വിമാനം കണ്ണൂർ മൂർഖൻ   പറമ്പിൽ നിന്ന് പറന്നുയർന്നത്. യാത്രക്കാരിൽ 120- പേർ ഉംറ തീർത്ഥാടകരായിരുന്നു. ഇവർക്കായി വിമാനത്താവളത്തിൽ പ്രാർത്ഥന മുറി ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്.

ജിദ്ദയിൽ നിന്ന് കണ്ണൂരിലേക്കുള്ള ആദ്യ വിമാനവും ഇന്നലെ ഉച്ചയ്ക്ക് 12-10 ന് കണ്ണൂരിലെത്തി. കിയാൽ അധികൃതർ ജിദ്ദയിൽ നിന്നുള്ള വിമാന യാത്രക്കാർക്ക് വരവേൽപ്പ് നൽകി.

നേരത്തെ രണ്ട് തവണ കണ്ണൂർ-ജിദ്ദ സർവ്വീസിന് ടിക്കറ്റ് നൽകിയിരുന്നുവെങ്കിലും, പിന്നീട് റദ്ദാക്കുകയായിരുന്നു. കണ്ണൂർ-ജിദ്ദ വിമാന സർവ്വീസ് ആരംഭിച്ചതോടെ കണ്ണൂരിൽ ഹജ്ജ് എംബാർക്കേഷൻ പോയന്റ് (പുറപ്പെടൽ കേന്ദ്രം) വേണമെന്ന ആവശ്യം ശക്തമായി.

LatestDaily

Read Previous

ചെറിയച്ച യാത്ര പറഞ്ഞു

Read Next

അബ്ദുൾ അസീസ് ഏഴാം തവണയും അറസ്റ്റിൽ