ഷാരോൺ വധം; ഗ്രിഷ്മയുടെ വീട്ടിൽ നിന്ന് നിർണായക തെളിവുകൾ കണ്ടെടുത്തു

പാറശാല (തിരുവനന്തപുരം): ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് നിർണായക തെളിവുകൾ ലഭിച്ചു. കഷായം ഉണ്ടാക്കിയ പാത്രവും കളനാശിനിയുടെ അവശിഷ്ടവുമാണ് കണ്ടെടുത്തത്. ഗ്രീഷ്മയുമായുള്ള തെളിവെടുപ്പിലാണ് ഇവ കണ്ടെത്തിയത്. കണ്ടെടുത്ത പൊടി തന്നെയാണോ കഷായം ഉണ്ടാക്കാൻ ഉപയോഗിച്ചതെന്ന് ഫോറൻസിക് പരിശോധനയ്ക്ക് ശേഷമേ വ്യക്തമാകൂ. നേരത്തെ, കുളക്കരയിൽ നിന്ന് കളനാശിനിയുടെ കുപ്പി കണ്ടെത്തിയിരുന്നു. ജ്യൂസിൽ വിഷം കലർത്തി ഷാരോണിനെ കൊലപ്പെടുത്താൻ പലതവണ ശ്രമിച്ചതായി ഗ്രീഷ്മ മൊഴി നൽകിയിരുന്നു.

പൊലീസ് സീൽ ചെയ്ത ഗ്രീഷ്മയുടെ വീടിന്‍റെ പൂട്ട് തകർത്ത സംഭവത്തിലും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളുമായി തെളിവെടുപ്പ് നടത്താനായി ഏതാനും ദിവസങ്ങൾക്ക് മുമ്പ് പൊലീസ് സീൽ ചെയ്ത തമിഴ്നാട്ടിലെ രാമവർമ്മൻചിറയിലെ വീടിന്‍റെ മുൻവശത്തെ വാതിലിന്‍റെ പൂട്ട് ആണ് തകർത്തതായി കണ്ടെത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമ്മൽ കുമാറിനെയും തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ ആണ് തമിഴ്നാട് പൊലീസിന്‍റെയും പളുകൽ വില്ലേജ് ഓഫീസറുടെയും സാന്നിധ്യത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വീടിന്‍റെ പിൻഭാഗവും മുൻവശത്തെ രണ്ട് ഗേറ്റുകളും സീൽ ചെയ്തത്.

ഗ്രീഷ്മ കുറ്റം സമ്മതിച്ച 30ന് രാത്രി വീടിന് നേരെയുണ്ടായ കല്ലേറിൽ രണ്ട് ജനൽ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വിഷം ചേർക്കാൻ ഉപയോഗിച്ച പാത്രങ്ങളും കഷായം ഉണ്ടാക്കിയ പൊടിയും ഉൾപ്പെടെയുള്ള പ്രധാന തെളിവുകൾ വീണ്ടെടുക്കുന്നതിന് മുമ്പ് വീടിന്‍റെ പൂട്ട് തകർത്തത് തെളിവ് നശിപ്പിക്കാനാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വീട്ടിൽ മോഷണം നടന്നിട്ടുണ്ടോ എന്നും പൊലീസിന് വ്യക്ത‌തയില്ല.

K editor

Read Previous

കോർപ്പറേഷൻ വിവാദം; ആര്യ രാജേന്ദ്രൻ മുഖ്യമന്ത്രിയെ കണ്ടു

Read Next

ആസ്തി 2.26 ലക്ഷം കോടി; തിരുപ്പതി ക്ഷേത്രത്തിൻ്റെ സ്വത്തു വിവരം പുറത്ത്