ചന്ദ്രബോസ് വധം; മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്ന ആവശ്യവുമായി കേരളം സുപ്രീം കോടതിയിലേക്ക്

ന്യൂഡല്‍ഹി: സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിന്‍റെ കൊലപാതകത്തിൽ വ്യവസായി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിക്കും. ഹൈക്കോടതി ശരിവച്ച ജീവപര്യന്തം തടവിനെതിരെ അപ്പീൽ നൽകാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി.എ ഷാജി നൽകിയ നിയമോപദേശം സർക്കാർ അംഗീകരിച്ചു. അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ വധശിക്ഷ വിധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കുന്നത്.

ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നിഷാമിന്‍റെ നടപടിയെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് രൂക്ഷമായി വിമർശിച്ചിരുന്നു. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനത്ത് നടന്നത് തികച്ചും സംസ്കാര വിരുദ്ധമായ പ്രവർത്തനമായിരുന്നു. ചന്ദ്രബോസിന് നേരെ നിഷാം ഭ്രാന്തമായ ആക്രമണമാണ് നടത്തിയതെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

എന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന സർക്കാർ വാദത്തോട് ഹൈക്കോടതി വിയോജിച്ചു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കുന്നത്. സ്റ്റാൻഡിംഗ് കോണ്‍സല്‍ നിഷേ രാജൻ ഷൊങ്കറാണ് സർക്കാരിന് വേണ്ടി അപ്പീൽ നൽകുകയെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

K editor

Read Previous

സൈറസ് മിസ്ത്രിയുടെ മരണം; കാര്‍ ഓടിച്ച ഗൈനക്കോളജിസ്റ്റിനെതിരെ കേസ് 

Read Next

ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ സിപിഎം; തുടർ നടപടികൾക്കായി സർക്കാരിനെ ചുമതലപ്പെടുത്തി