ഗുജറാത്ത് തിരഞ്ഞെടുപ്പ്; പിന്മാറാന്‍ ബിജെപി വാഗ്ദാനങ്ങൾ നൽകിയെന്ന് കെജ്രിവാൾ

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറാന്‍ ബിജെപി വലിയ വാഗ്ദാനങ്ങൾ നൽകി തന്നെ സമീപിച്ചതായി എ.എ.പി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. പിൻമാറുകയാണെങ്കിൽ കേന്ദ്ര ഏജൻസികൾ രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ പ്രതികളായ മനീഷ് സിസോദിയയെയും സത്യേന്ദർ ജെയിനെയും കേസുകളിൽ നിന്ന് ഒഴിവാക്കുമെന്ന് വാഗ്ദാനം ചെയ്തതായി അദ്ദേഹം പറഞ്ഞു. എൻഡിടിവിയുടെ പ്രത്യേക സംവാദ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

” ആം ആദ്മി പാർട്ടി വിട്ടാൽ ഡൽഹിയുടെ മുഖ്യമന്ത്രിയാക്കാമെന്നുള്ള വാഗ്ദാനം മനീഷ് സിസോദിയ നിരസിച്ചതിന് പിന്നാലെ, ഇപ്പോൾ അവർ എന്നെ സമീപിച്ചിരിക്കുകയാണ്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് പിൻമാറിയാൽ രണ്ട് മന്ത്രിമാരെയും കേസുകളിൽ നിന്ന് കുറ്റവിമുക്തരാക്കുമെന്ന് അവർ വാഗ്ദാനം ചെയ്തു,” കെജ്രിവാൾ പറഞ്ഞു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ഡൽഹി മദ്യനയ കേസിലാണ് പ്രതി ചേർത്തിട്ടുള്ളത്. അതേസമയം, കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയായ മറ്റൊരു മന്ത്രി സത്യേന്ദർ ജെയിൻ ഇപ്പോൾ ജയിലിലാണ്.

ആരാണ് ഈ ഓഫറുമായി സമീപിച്ചതെന്ന് ചോദിച്ചപ്പോൾ സ്വന്തം ഗ്രൂപ്പിലെ ഒരാളെ എങ്ങനെയാണ് പറയുക എന്നായിരുന്നു കെജ്രിവാളിന്‍റെ മറുപടി. എഎപിക്കുള്ളിലെ തന്നെ ചിലരിലൂടെയാണ് ബിജെപി സമീപിച്ചത്. തന്നെ ഒരിക്കലും നേരിട്ട് സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് സന്ദേശം കൈമാറി നിങ്ങളുടെ സുഹൃത്ത് മുഖേന അവസാനം നിങ്ങൾക്ക് സന്ദേശം നൽകുന്നതാണ് ബിജെപി രീതിയെന്നും കെജ്രിവാൾ ആരോപിച്ചു.

K editor

Read Previous

ജമേഷ മുബിന്‍ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചത് ഭാര്യയെ തെറ്റിദ്ധരിപ്പിച്ച്

Read Next

വെസ്റ്റ് ബംഗാള്‍-ലോകമാന്യതിലക് ഷാലിമാര്‍ എക്‌സ്പ്രസിൽ തീപ്പിടിത്തം; ആളപായമില്ല