ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: തെയ്യം കാണാനെത്തിയ ഭക്തരെ തെയ്യക്കോലം പാമ്പിനെ തല്ലുന്നത് പോലെ തല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പരന്നു. രണ്ട് വർഷക്കാലത്തെ കോവിഡ് അടച്ചിടൽ കാലത്തിന് ശേഷം കളിയാട്ടക്കാവുകൾ വീണ്ടും സജീവമായതോടെ ഭക്തരെ മർദ്ദിക്കുന്ന തെയ്യക്കോലത്തിന്റെ ദൃശ്യങ്ങൾ വിമർശനത്തിനിരയായിട്ടുണ്ട്.
കാഞ്ഞങ്ങാട് അലാമിപ്പള്ളി തെരുവത്തെ ദേവാലയത്തിൽ നടന്ന കളിയാട്ട മഹോത്സത്തിന്റെ ഭാഗമായി കെട്ടിയാടിയ തെയ്യത്തിന്റെ തോറ്റമാണ് തെയ്യം കാണാനെത്തിയ ഭക്തരെ ഗുണ്ടാ ശൈലിയിൽ മർദ്ദിച്ചത്. തെയ്യക്കോലത്തിന്റെ കയ്യിലുണ്ടായിരുന്ന നീളൻ വടി ഉപയോഗിച്ചായിരുന്നു പ്രഹരം. വർഷങ്ങൾക്ക് മുമ്പും ഇതേ ക്ഷേത്രത്തിൽ സമാനമായ രീതിയിൽ തെയ്യത്തിന്റെ തോറ്റം ഭക്തരെ ക്രൂരമായി തല്ലിച്ചതച്ചിരുന്നു. തെയ്യത്തിന്റെ മർദ്ദനമേറ്റ് നിരവധി യുവാക്കൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
ഭക്തരെ ശത്രുക്കളായി കരുതി തല്ലിച്ചതയ്ക്കുന്ന തെയ്യം കലാകാരന്മാർക്കെതിരെ പല സ്ഥലങ്ങളിലും പ്രതിഷേധമുയർന്നിട്ടുണ്ട്. ആചാരത്തിന്റെ പേരിൽ ഭക്തരെ മർദ്ദിക്കുന്ന തെയ്യം കെട്ടുകാരെ നിയന്ത്രിക്കണമെന്ന് പരക്കെ ആവശ്യമുയർന്നിട്ടുണ്ട്. ഭക്തി വിശ്വാസത്തിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ക്ഷേത്ര നടത്തിപ്പുകാരും കാര്യമായി പ്രതികരിക്കാറില്ല. പോലീസ് നടത്തുന്ന ലാത്തിച്ചാർജ്ജിനെക്കാളും ക്രൂരമായ രീതിയിലാണ് തെയ്യക്കോലം തെരുവത്തെ ഭക്തരെ മർദ്ദിച്ചത്.
ക്രൂരമായ ഇത്തരം മർദ്ദനങ്ങൾ സ്വാഭാവിക ഗതിയിൽ ജാമ്യം കിട്ടാത്ത കേസാണെങ്കിലും തെയ്യക്കോലങ്ങളുടെ പ്രഹരങ്ങൾ ആസ്വദിച്ച് സ്വീകരിക്കുന്ന പ്രത്യേക മനോഗതിയിലാണ് ഭക്തജനങ്ങൾ എന്ന് വിലയിരുത്തപ്പെടുന്നു. 3 വർഷം മുമ്പ് കണ്ണൂർ ജില്ലയിൽ നടന്ന ഒരു തെയ്യംകെട്ടിൽ കെട്ടിയാടിയ തെയ്യക്കോലം ഭക്തനെ വാൾകൊണ്ട് വെട്ടിയിരുന്നു.
അനുഷ്ഠാന കലയായ തെയ്യക്കോലങ്ങൾ ഭക്തരുടെ സങ്കടങ്ങൾ പരിഹരിക്കാനാണ് കെട്ടിയാടപ്പെടുന്നതെന്നാണ് വിശ്വാസം. തെയ്യങ്ങൾ ഭക്തരെ ക്ഷേത്രങ്ങളിൽ നിന്ന് തല്ലിയോടിക്കുന്നതിന് പകരം തലോടി ആശ്വസിപ്പിക്കേണ്ടവരാണെന്നാണ് ഒരു വിഭാഗം വിശ്വാസികൾ പറയുന്നത്.