ജിബിജി തട്ടിപ്പ് : പരാതിക്കാരന് അഞ്ചംഗ സംഘത്തിന്റെ ഭീഷണി

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : കുണ്ടംകുഴി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിബിജി നിധി സാമ്പത്തിക തട്ടിപ്പിനെതിരെ പോലീസിൽ പരാതി നൽകിയ മാവുങ്കാൽ മൂലക്കണ്ടം സ്വദേശി കെ.പി. മുരളീധരനെ തട്ടിപ്പിന്റെ ഇടനിലക്കാർ നീലേശ്വരത്ത് ഭീഷണിപ്പെടുത്തി. നവംബർ 1-ന് നീലേശ്വരത്തെത്തിയ കെ.പി. മുരളീധരനെ സാമ്പത്തിക തട്ടിപ്പിന്റെ ഇടനിലക്കാരനായ നീലേശ്വരം സ്വദേശിയുടെ   നേതൃത്വത്തിലാണ് ഭീഷണിപ്പെടുത്തിയത്.

ജിബിജി നിധിയുടെ നീലേശ്വരത്തെ മുഖ്യ ഏജന്റിന്റെ നേതൃത്വത്തിലെത്തിയ അഞ്ചംഗ സംഘം കെ.പി. മുരളീധരനെ ഭീഷണിപ്പെടുത്തുകയും, കേസിൽ നിന്നും പിന്മാറാൻ പണം വാഗ്ദാനം നൽകുകയും ചെയ്തു. പരാതിയിൽ നിന്നും പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കെ.പി. മുരളീധരൻ. സ്ഥാപനത്തിന്റെ ഡയറക്ടർമാരായ വിനോദ്കുമാർ, കാസർകോട്ടെ റസാഖ്, പെരിയ ഗംഗാധരൻ എന്നിവരുടെ നിർദ്ദേശത്തെ തുടർന്നാണ് അഞ്ചംഗ സംഘം മുരളീധരനെ ഭീഷണിപ്പെടുത്തിയത്.

നീലേശ്വരത്ത് മാത്രം 800 പേർ ജിബിജി നിധിയുടെ വലയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് സൂചന. ഇവരിൽ 300 പേർ തട്ടാച്ചേരി, പൂവാലംകൈ മുതലായ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. 600 കോടിയുടെ നിക്ഷേപത്തട്ടിപ്പ്  ജിബിജി നിധി വഴിയുണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സ്വരൂപിച്ച തുക ഇതിലും അധികമാണ്.

Read Previous

ഇർഫാന ആരുടെ കസ്റ്റഡിയിൽ?

Read Next

ബാങ്കിനകത്തെ ലൈംഗിക പീഡനം; എംഡിയുടെ കാബിനിൽ ക്യാമറ കണ്ടെത്താനായില്ല