പെൺകുട്ടികളുടെ വിവാഹ പ്രായം ഉയർത്തിയതായി വ്യാജ പ്രചാരണം

കാഞ്ഞങ്ങാട്: പെൺകുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയർത്തുന്നതിനെച്ചൊല്ലി നവമാധ്യമങ്ങളിൽ വ്യാജപ്രചാരണം. കേന്ദ്രസർക്കാർ തീരുമാന പ്രകാരം വിവാഹ പ്രായം 21 ആയി ഉയർത്തിയെന്നും തീരുമാനം ഈ വർഷം നമ്പർ 4 മുതൽ പ്രാബല്യത്തിലായെന്നുമാണ് പ്രചാരണം.

പെൺകുട്ടികളുടെ വിവാഹ പ്രായം 18 ൽ നിന്നും 21ആയി ഉയർത്തുന്നതിനെക്കുറിച്ചുള്ള സൂചനകൾ പ്രധാനമന്ത്രി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ നല്കിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് നടപ്പിലായിട്ടില്ലാത്ത തീരുമാനത്തെച്ചൊല്ലി നവമാധ്യമങ്ങളിൽ വ്യാജ പ്രചാരണം കൊഴുക്കുന്നത്.

പതിനെട്ടാമത്തെ വയസ്സിൽ വിവാഹിതരാകേണ്ടി വരുന്ന പെൺകുട്ടികളുടെ ആരോഗ്യസ്ഥിതി, ഇതെത്തുടർന്നുണ്ടാകുന്ന സാമൂഹ്യ പ്രശ്നങ്ങൾ എന്നിവ പരിഗണിച്ചാണ് പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാർ ഗൗരവമായി പരിഗണിച്ചത്. ഇത് സംബന്ധിച്ച് പഠനങ്ങൾ നടത്താൻ സർക്കാർ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു.

പ്രസ്തുത കമ്മീഷൻ കേന്ദ്ര സർക്കാരിന് ഇതു വരെ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല. ഈ സാഹചര്യം നിലനില്ക്കുമ്പോഴാണ് വിവാഹ പ്രായം ഉയർത്തിയതായുള്ള വ്യാജ വാർത്തകൾ പ്രചരിക്കുന്നത്. നവമാധ്യമങ്ങൾ വഴി വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയതോടെ 18 വയസ്സുള്ള മക്കളുടെ വിവാഹം നിശ്ചയിച്ചുറപ്പിച്ച രക്ഷിതാക്കൾ കടുത്ത ആശങ്കയിലാണ്.

LatestDaily

Read Previous

മടിക്കൈയിൽ മണ്ണ് കടത്ത് വ്യാപകം രാപ്പകൽ കടത്തുന്നത് 160 ലോഡ് മണ്ണ്

Read Next

യുവാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു