എം.വി. ഗോവിന്ദൻ പാർട്ടിയിൽ രണ്ടാമൻ

സ്വന്തം പ്രതിനിധി

കാഞ്ഞങ്ങാട് : സിപിഎം സംസ്ഥാന ഘടകത്തിൽ ഇനി എം.വി. ഗോവിന്ദൻ രണ്ടാമൻ. മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന പാർട്ടിയിൽ  നാളിതുവരെ രണ്ടാമനായി നിലകൊണ്ടത് കോടിയേരി ബാലകൃഷ്ണനായിരുന്നു. ആ സ്ഥാനമാണ് ഇപ്പോൾ എം.വി. ഗോവിന്ദനിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്.

ആരോഗ്യനില മോശമായതിനെത്തുടർന്ന് കോടിയേരി പദവി ഒഴിഞ്ഞപ്പോൾ പകരം വന്ന എം.വി. ഗോവിന്ദൻ കോടിയേരിയുടെ വിയോഗത്തോടെ വന്ന ഒഴിവിലാണ് പോളിറ്റ്ബ്യോറോവിലേക്ക് ഉയർത്തപ്പെട്ടത്. സംഘടനാ സംവിധാനത്തിൽ ഒന്നാമൻ, രണ്ടാമൻ എന്നില്ലെങ്കിലും, പ്രായോഗിക തലത്തിൽ അധികാര ഘടനയുടെ നിലയനുസരിച്ചാണ് ഇത്തരം വിശേഷണങ്ങൾ കൽപ്പിക്കപ്പെടുന്നത്.

ദീർഘകാലം സംസ്ഥാന സിക്രട്ടറി സ്ഥാനം കൈകാര്യം ചെയ്ത മുതിർന്ന  പോളിറ്റ്ബ്യൂറോ അംഗമെന്ന നിലക്കും പാർട്ടിയിലും മുഖ്യമന്ത്രി എന്ന നിലക്ക് ഭരണത്തിലും, പൂർണ്ണ നിയന്ത്രണം കൈയ്യാളുന്ന പിണറായി വിജയൻ തന്നെയാണ് ഒന്നാമൻ. വിദ്യാർത്ഥി കാലം മുതൽ പിണറായിയുടെ പിൻഗാമിയായിെത്തിയ കോടിയേരി ബാലകൃഷ്ണൻ പാർട്ടിയിലുണ്ടായിരുന്നപ്പോൾ, രണ്ടാമനായി മറ്റൊരാൾ ഉണ്ടായിരുന്നില്ല.

കണ്ണൂർ ജില്ലക്കാരനായിരുന്ന  കോടിയേരി ബാക്കി വെച്ച ഇടം കണ്ണൂരിൽ നിന്ന് തന്നെയുള്ള എം.വി. ഗോവിന്ദൻ നികത്തുമ്പോൾ അത് സിപിഎമ്മിൽ കണ്ണൂർ ആധിപത്യം ഒരിക്കൽക്കൂടി ഉറപ്പിക്കുകയാണ്. കണ്ണൂർ ലോബിയിലെ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനെയുൾപ്പെടെ എം.വി. ഗോവിന്ദൻ മറി കടന്നുവെന്നത് ശ്രദ്ധേയമാണ്.

ഇ.പി. ജയരാജൻ, പി.കെ. ശ്രീമതി, തോമസ് ഐസക്ക്, എളമരം കരീം തുടങ്ങിയ നേതാക്കൾക്ക് മേൽ എം.വി. ഗോവിന്ദനെ പാർട്ടിയുടെ പരമോന്നത സമിതിലേക്ക് തെരഞ്ഞെടുക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിക്കുമ്പോൾ ഗോവിന്ദൻ വഹിക്കുന്ന സംസ്ഥാന സിക്രട്ടറി പദവി പ്രത്യേകം പരിഗണിക്കപ്പെട്ടു.

സിപിഎമ്മിന്റെ സൈദ്ധാന്തിക മുഖമായ എം.വി. ഗോവിന്ദൻ ഏറ്റവും ഉയർന്ന ഘടകത്തിലെത്തുമ്പോൾ പാർട്ടി നയ സമീപനങ്ങളിലും സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ. ഇടതു പക്ഷ നിലപാടുകളിൽ ഉറച്ചു നിൽക്കാറുള്ള എം.വി ഗോവിന്ദൻ വലതുപക്ഷ വ്യതിയാനങ്ങളെക്കുറിച്ച് പാർട്ടിക്കകത്തും പുറത്തും തുറന്നടിക്കുന്ന നേതാവാണ്.

പിണറായി വിജയന്റെ പിൻമുറക്കാരനായി എം.വി. ഗോവിന്ദനെ കാണുന്നവരുമുണ്ട്. ഇരിങ്ങൾ യു.പി. സ്കൂളിൽ പാർട്ട് ടൈം കായികാധ്യാപകനായിരുന്ന ഗോവിന്ദൻ സിപിഎമ്മിൽ സജീവമായതോടെ 1992-ൽ ജോലിയിൽ നിന്ന് സ്വയം വിരമിക്കുകയായിരുന്നു. ഡിവൈഎഫ്ഐയുടെ ആദ്യരൂപമായ കെഎസ്്വൈ എഫിലൂടെയാണ് ഗോവിന്ദൻ പാർട്ടിയിൽ സജീവമായത്.

കെഎസ്്വൈഎഫ് കണ്ണൂർ ജില്ലാ പ്രസിഡണ്ടും സിക്രട്ടറിയുമായി ഗോവിന്ദൻ പ്രവർത്തിച്ചു. 1991-ൽ കോഴിക്കോട്ട് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിലാണ് അദ്ദേഹം സംസ്ഥാന കമ്മിറ്റിയിലെത്തിയത്. 2002 മുതൽ 2006 വരെ പാർട്ടി കണ്ണൂർ ജില്ലാ സിക്രട്ടറിയായി. 2006-ൽ സംസ്ഥാന സിക്രട്ടറിയേറ്റിലേക്കും, 2018-ൽ കേന്ദ്ര കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2001-ലും 2021-ലും തളിപ്പറമ്പിൽ നിന്ന് നിയമസഭാംഗമായി.

രണ്ടാം പിണറായി സർക്കാറിൽ തദ്ദേശ -എക്സൈസ് മന്ത്രിയായിരിക്കെയാണ് കോടിയേരി ബാലകൃഷ്ണന്റെ പകരക്കാരനായി പാർട്ടി സംസ്ഥാന സിക്രട്ടറി പദവിയിലെത്തുന്നത്. സപ്തംബറിൽ മന്ത്രിസ്ഥാനമൊഴിഞ്ഞാണ് ഗോവിന്ദൻ സംസ്ഥാന സിക്രട്ടറി സ്ഥാനമേറ്റെടുത്തത്.

LatestDaily

Read Previous

വനിതാ സഹകരണ സംഘത്തിലെ നിക്ഷേപത്തുക തിരികെ നൽകിയില്ലെന്ന് പരാതി

Read Next

ഇന്ത്യയിൽ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വർധനവ്; സ്കൂളുകളും അധ്യാപകരും കുറയുന്നു