കാഞ്ഞങ്ങാട് നഗരസഭയിൽ ഇടതു തുടർഭരണ പ്രതീക്ഷ

കാഞ്ഞങ്ങാട്: അഞ്ചുവർഷക്കാലം പൂർത്തിയാക്കി നഗരസഭ ഭരിച്ച ഇടതുമുന്നണിക്ക് കാഞ്ഞങ്ങാട്ട് തുടർ ഭരണ പ്രതീക്ഷ. പോയ 5 വർഷത്തെ ഇടതുഭരണം കാഞ്ഞങ്ങാടിന്റെ ചരിത്രത്തിൽ ഇതാദ്യമാണ്. സിപിഎമ്മിലെ വി.വി. രമേശൻ നയിച്ച ഇടതുഭരണം ഈ നഗരസഭയിലെ 43 വാർഡുകളിലും നടത്തിയ വികസനം ചൂണ്ടിക്കാട്ടിയും, ഇത്തവണ കേരളത്തിൽ മാറി വന്ന പുത്തൻ രാഷ്ട്രീയ മാറ്റങ്ങളും മുൻനിർത്തിയാണ് നഗരസഭയിൽ ഇടതുതുടർഭരണത്തിനുള്ള സാധ്യത ഇടതുമുന്നണി ഉറപ്പാക്കുന്നത്.

കാരണങ്ങൾ:

ഒന്ന്: 43 വാർഡുകളിലും ഇടതുഭരണം നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളുടെ സംതൃപ്തി.

രണ്ട്: കഴിഞ്ഞ തവണ മുന്നണി മാറ്റത്തിൽ നഷ്ടപ്പെട്ടുപോയ വാർഡുകൾ ഇത്തവണ തിരിച്ചുപിടിക്കാമെന്ന കണക്കു കൂട്ടൽ.  കഴിഞ്ഞ തവണ ഇടതുമുന്നണിക്ക് നഷ്ടപ്പെട്ട പ്രധാനപ്പെട്ട ഒരു വാർഡ് അരയി പാലക്കാൽ ആണ്. പഴയ ജനതാദൾ പിന്നീട് ലോക് താന്ത്രിക് ജനതാദൾ ആയപ്പോൾ, അന്തരിച്ച നേതാവ് എം.പി. വീരേന്ദ്രകുമാർ യുഡിഎഫ് പക്ഷത്ത് നിലയുറപ്പിച്ചതിനാൽ, ഇടതിന് കൈമോശം വരികയും, ബിജെപി പിടിച്ചെടുക്കുകയും ചെയ്ത വാർഡാണിത്.

എൽജെഡി ഇത്തവണ ഇടതുമുന്നണിയിലെത്തിയതിനാൽ പോയ കാൽ നൂറ്റാണ്ടുകാലം ദൾ സ്ഥാനാർത്ഥികളെ നഗരസഭയിലെത്തിച്ച അരയി വാർഡ് ഇത്തവണ ഇടതുമുന്നണി നൂറു ശതമാനം ഉറപ്പാക്കുന്നു. എൽജെഡി പാർട്ടിയുടെ പ്രവർത്തകർ നഗരസഭയിലെ വിവിധ വാർഡുകളിൽ വോട്ടർമാരായുള്ളതിനാൽ, ഇത്തവണ മറ്റു വാർഡുകളിൽ ഇടതു സ്ഥാനാർത്ഥികൾക്ക് റിബൽ ശല്യം നന്നെ കുറയും.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മാതോത്ത് വാർഡ് 17-ൽ എൽഡിഎഫ് കൗൺസിലർ സിപിഎമ്മിലെ ഉഷയ്ക്ക് എൽജെഡി വനിത റിബലുണ്ടായിരുന്നു.
നിലവിൽ നഗരസഭയിൽ 23 എൽഡിഎഫ് അംഗങ്ങളും, 14 യുഡിഎഫും 6 ബിജെപിയുമടക്കം 43 അംഗങ്ങളാണ്. ഇക്കുറി യുഡിഎഫിന്റെ പ്രസ്റ്റീജ് വാർഡുകൾ മാറ്റി നിർത്തി എൽഡിഎഫ് 25 വാർഡുകൾ ഉറപ്പിക്കുന്നുണ്ട്. ഇടതു കൗൺസിലർ മെഹമൂദ് മുറിയനാവി വിജയിച്ച 38-ാം വാർഡ് ഇത്തവണ ഇടതിന് കൈവിട്ടു പോകും. കൗൺസിലർ സന്തോഷ് വിജയിച്ച കുശാൽ നഗർ ഇക്കുറി വനിതാ വാർഡാണ്.

50-50 ശതമാനം ഇടതു സാധ്യത നിലനിൽക്കുന്ന ഈ വാർഡിൽ മുസ്ലീം ലീഗ് കണ്ണ് വെച്ചിട്ടുണ്ടെങ്കിലും, പൊതു സമ്മതയായ സ്ഥാനാർത്ഥിയെ നിർത്തിയാൽ വിജയം ഉറപ്പാക്കാമെന്ന് ഇടതുമുന്നണി കണക്കു കൂട്ടുന്നു. അക്ഷരാർത്ഥത്തിൽ ജനങ്ങൾക്ക് സഹായിയായ, സഹായി ഹസൈനാർ വെറും ഒരു വോട്ടിന് പരാജയപ്പെട്ട കല്ലൂരാവി വാർഡ് എന്തു തന്നെയായാലും, ഇത്തവണ ഐഎൽഎൽ വനിത പിടിച്ചെടുക്കുമെന്ന് ഇടതുമുന്നണിയിലെ ഘടക കക്ഷിയായ ഐഎൽഎൽ ഉറപ്പിക്കുന്നു.

സഹായി ഹസൈനാർ കഴിഞ്ഞ തവണ മൽസരിച്ച വാർഡിന് തൊട്ടടുത്തുള്ള പുരുഷ വാർഡിൽ ഹസൈനാറെ സഹായമഭ്യർതഥിച്ച് രംഗത്തിറക്കാനാണ് ഐഎൽഎൽ തീരുമാനം. നിലവിൽ ഇടതു കൗൺസിലർമാർ തിരഞ്ഞെടുക്കപ്പെട്ട കാഞ്ഞങ്ങാട് സൗത്ത് ഉണ്ണികൃഷ്ണന്റെ വാർഡ്, ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് പ്രദീപൻ മരക്കാപ്പ് കഴിഞ്ഞ തവണ പരാജയപ്പെട്ട തീരദേശവാർഡ് എന്നിവ മാറ്റി വെച്ചാൽ, ശേഷിച്ച ഇടതിന്റെ സിറ്റിംഗ് സീറ്റുകൾ തിരിച്ചു പിടിക്കാൻ കഴിയുമെന്ന് തന്നെയാണ് ആദ്യ കണക്കു കൂട്ടലിലുള്ള കണ്ടെത്തൽ.

നിലവിൽ ഇടതു വാർഡായ ഐങ്ങോത്ത് ഇത്തവണ സംവരണ വാർഡാണ്. സംവരണ വാർഡ് ജനറൽ ആണ്. പട്ടിക വിഭാഗത്തിൽപ്പെട്ട സ്ത്രീക്കോ പുരുഷനോ മൽസരിക്കാം.  സിപിഎമ്മിന് മൃഗീയ ഭൂരിപക്ഷമുള്ള ഈ വാർഡിൽ ഗീതയാണ് നിലവിൽ കൗൺസിലർ. നഗരസഭ അധ്യക്ഷ പദവി ഇത്തവണ വനിതയ്ക്കാണ്.കാഞ്ഞങ്ങാട് – നീലേശ്വരം നഗരസഭകളെ മാത്രം ഉൾപ്പെടുത്തി ഒരാഴ്ചയ്ക്കുള്ളിൽ തദ്ദേശ വകുപ്പ് നടത്താനിരിക്കുന്ന നറുക്കെടുപ്പിൽ നറുക്ക് വീഴുന്ന ഒരു നഗരസഭയിൽ പട്ടിക വിഭാഗം ആധ്യക്ഷനോ, ആധ്യക്ഷയോ ആയിരിക്കും അധികാരത്തിലെത്തുക. 43-ൽ ഐഎൻഎലിന്റെ 2 വാർഡുകളടക്കം 24 വാർഡുകൾ ഇടതുമുന്നണി ഇപ്പോൾത്തന്നെ ഉറപ്പാക്കുന്നുണ്ട്. ഗോദയിൽ തീവ്ര പ്രയത്നം നടത്തിയാൽ ഇടതു വിജയ വാർഡുകളുടെ എണ്ണം 26 ആയി ഉയരാനും സാധ്യതയുണ്ട്.

LatestDaily

Read Previous

ഭാഗ്യം കീറിയെറിഞ്ഞു നഷ്ടമായത് 5 ലക്ഷം

Read Next

കോൺഗ്രസ് നേതാക്കളുടെ അഴിമതി നിരപരാധിയുടെ തലയിൽ കെട്ടിവെയ്ക്കാൻ ശ്രമം