മ്യൂസിയം കേസ്; സന്തോഷിന്റേത് രാഷ്ട്രീയ നിയമനമെന്ന് കരാറുകാരൻ

തിരുവനന്തപുരം: മ്യൂസിയം പരിസരത്ത് പുലർച്ചെ വനിതാ ഡോക്ടറെ ആക്രമിക്കുകയും, അർദ്ധരാത്രി സമീപത്തെ വീട്ടിൽ അതിക്രമിച്ചുകയറുകയും ചെയ്തതിന് അറസ്റ്റിലായ സന്തോഷ് (39) കരാർ ജീവനക്കാരൻ മാത്രമെന്ന വാദം കള്ളം. സന്തോഷിന്‍റെ നിയമനം രാഷ്ട്രീയ നിയമനമാണെന്ന് വാട്ടർ അതോറിട്ടി കരാറുകാരൻ വെളിപ്പെടുത്തി. ശമ്പളം കൊടുക്കുക മാത്രമാണ് തൻ്റെ ജോലിയെന്നും കയ്യിൽ വ്യക്തിപരമായ വിവരങ്ങളൊന്നും ഇല്ലെന്നും കരാറുകാരൻ ഷിനിൽ ആന്‍റണി പറഞ്ഞു. നേരത്തെ ഇയാൾ മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഓഫീസിൽ ഡ്രൈവറായിരുന്നെന്നും കരാറുകാരൻ വെളിപ്പെടുത്തി.

മന്ത്രി റോഷി അഗസ്റ്റിന്‍റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറായ സന്തോഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി മ്യൂസിയം പൊലീസ് ഇയാളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും.

സർക്കാർ വാഹനം ദുരുപയോഗം ചെയ്താണ് സന്തോഷ് ഇത്തരം കുറ്റകൃത്യങ്ങൾക്ക് പോയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. 10 വർഷമായി വാട്ടർ അതോറിട്ടിയിൽ താൽക്കാലിക ഡ്രൈവറായ സന്തോഷ് ഒന്നര വർഷമായി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ്. ‘ഗവൺമെന്‍റ് ഓഫ് കേരള’ ബോർഡുള്ള ഇന്നോവ കാർ ആണ് ഇയാൾ ഓടിച്ചിരുന്നത്. രാത്രി ഈ കാറിൽ ഇയാൾ നഗരത്തിൽ കറങ്ങുകയായിരുന്നു.

Read Previous

സിവില്‍ സപ്ലൈസ് വീഴ്ച; റേഷനരി നഷ്ടമായത് 9 ലക്ഷം കുടുംബങ്ങൾക്ക്

Read Next

ഷാരോൺ വധം; ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും റിമാന്‍ഡ് ചെയ്തു