വി.സിയെ ആവശ്യമില്ലേ? കേരള സര്‍വകലാശാലയ്‌ക്കെതിരേ വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കേരള സര്‍വകലാശാലയ്‌ക്കെതിരേ വിമര്‍ശനവുമായി ഹൈക്കോടതി. സർവകലാശാലയ്ക്ക് വൈസ് ചാൻസലർ വേണ്ടെന്നാണോ പറയുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തിൽ ഒളിച്ചുകളിക്കരുതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അഭിപ്രായപ്പെട്ടു. വൈസ് ചാൻസലറെ നിയമിക്കാനായി ചാൻസലർ കൂടിയായ ഗവർണർ രൂപവത്‌കരിച്ച സെലക്‌ഷൻ കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ നാമനിർദേശം ചെയ്യണമെന്ന നിർദേശത്തോട് സർവകലാശാല അനുകൂലമായി പ്രതികരിക്കാത്തതിനെ തുടർന്നായിരുന്നു കോടതിയുടെ വാക്കാലുള്ള പ്രതികരണം.

നവംബർ നാലിന് ചേരുന്ന സെനറ്റ് യോഗം പ്രതിനിധിയെ നാമനിർദേശം ചെയ്യണമെന്ന നിർദേശമാണ് കോടതി മുന്നോട്ടുവെച്ചത്. ഈ യോഗത്തിൽ ചാൻസലർ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങളെയും പങ്കെടുക്കാൻ അനുവദിക്കാമെന്ന നിർദേശവും കോടതി മുന്നോട്ടുവെച്ചു. ഇതിനോടാണ് സർവകലാശാല അനുകൂലമായി പ്രതികരിക്കാതിരുന്നത്.

ഒക്ടോബർ 11-ന് ചേർന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ചാൻസലർ പുറത്താക്കിയതിനെതിരേ 15 സെനറ്റ് അംഗങ്ങൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. കോടതിയുടെ നിർദേശത്തോട് അനുകൂല പ്രതികരണമുണ്ടാകാത്തതിനാൽ വിഷയം ബുധനാഴ്ച വീണ്ടും പരിഗണിക്കും.

K editor

Read Previous

പാറശ്ശാല ഷാരോൺ വധക്കേസ്; ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങും

Read Next

വിസ്മയക്കാഴ്ചകളുമായി അവതാർ: ദ് വേ ഓഫ് വാട്ടർ ട്രെയിലർ പുറത്ത്