കുറ്റം നിഷേധിച്ച് ദിലീപും ശരത്തും; വിസ്തരിക്കേണ്ടവരുടെ പട്ടികയിൽ മഞ്ജു വാരിയരും

എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപും സുഹൃത്ത് ശരത്തും കോടതിയിൽ ഹാജരായി. കൂടുതൽ അന്വേഷണത്തിന് ശേഷം അനുബന്ധ കുറ്റപത്രം ഇരുവർക്കും വായിച്ചു കേൾപ്പിച്ചു. കേസിൽ ആദ്യം വിസ്തരിക്കേണ്ട 39 പേരുടെ പട്ടിക പ്രോസിക്യൂഷൻ കോടതിക്ക് കൈമാറി. നടി മഞ്ജു വാര്യരും സംവിധായകൻ ബാലചന്ദ്രകുമാറുമാണ് ആദ്യ പട്ടികയിലുള്ളത്.

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപും സുഹൃത്ത് ശരത്തും വൈകിട്ട് മൂന്നരയോടെയാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹാജരായത്. തുടരന്വേഷണത്തിന് ശേഷം സമർപ്പിച്ച അനുബന്ധ കുറ്റപത്രം ഇരുവർക്കും വായിച്ചുകേൾപ്പിച്ചു. അടച്ചിട്ട കോടതിമുറിയിലാണ് കുറ്റപത്രം വായിച്ചത്. തെളിവ് നശിപ്പിച്ചെന്ന കുറ്റമാണ് ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. തെളിവുകൾ മറച്ചുവെച്ചുവെന്നാണ് ശരത്തിനെതിരെയുള്ള ആരോപണം. ഇരുവരും ആരോപണങ്ങൾ നിഷേധിച്ചു.

കേസ് നവംബർ മൂന്നിന് കോടതി വീണ്ടും പരിഗണിക്കും. വിചാരണ എപ്പോൾ പുനരാരംഭിക്കണമെന്നും ഏത് ദിവസമാണ് സാക്ഷികളെ വിസ്തരിക്കേണ്ടതെന്നും അന്നേ ദിവസം കോടതി തീരുമാനിക്കും. സംവിധായകൻ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് കേസിൽ തുടരന്വേഷണം നടത്തിയത്. 112 സാക്ഷികൾ ഉൾപ്പെടെ 300 ലധികം അനുബന്ധ രേഖകൾ അന്വേഷണ സംഘം തുടർ റിപ്പോർട്ടിൽ സമർപ്പിച്ചിട്ടുണ്ട്.

K editor

Read Previous

മോർബി ദുരന്തം; കമ്പനി ഉദ്യോഗസ്ഥർ ഉൾപ്പെടെ 9 പേർ അറസ്റ്റിൽ

Read Next

ഡൽഹിയിൽ നിർമാണപ്രവർത്തനങ്ങൾക്കുള്ള നിരോധനം ഉറപ്പാക്കാൻ സംഘങ്ങളെ നിയോ​ഗിച്ചു