പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്; ജനപ്രിയ നേതാവ് ഉമ്മൻ ചാണ്ടിക്ക് ഇന്ന് 79-ാം പിറന്നാൾ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇന്ന് 79-ാം പിറന്നാൾ. സാധാരണയായി പുതുപ്പള്ളിയിലാണ് ജന്മദിനാഘോഷം നടക്കാറുള്ളതെങ്കിലും അസുഖം കാരണം കൊച്ചിയില്‍ കുടുംബാംഗങ്ങൾക്കൊപ്പമാണ് ഉമ്മൻ ചാണ്ടി. ആൾക്കൂട്ടങ്ങൾക്കിടയിലെ രാഷ്ട്രീയ ജീവിതം ഇത്രത്തോളം ആഘോഷമാക്കിയ മറ്റൊരു സമകാലികനില്ല. ഭാരത് ജോഡോ യാത്രയിൽ തന്നെക്കാൾ 27 വയസ്സ് ഇളപ്പമുള്ള രാഹുൽ ഗാന്ധിക്കൊപ്പം ആവേശത്തോടെ നടന്ന ഉമ്മൻചാണ്ടിക്ക് 79 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അത്ര എളുപ്പമല്ല.

പേര് വിളിച്ച് അടുത്തെത്താനുള്ള സ്വാതന്ത്ര്യവും അടുപ്പവുമാണ് ഒരു ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് ആറ് വർഷം പിന്നിടുമ്പോഴും, സംഘടനാ രംഗത്ത് പഴയ പ്രതാപമില്ലെങ്കിലും ജനപ്രീതിയുടെ കാര്യത്തിൽ ഉമ്മൻചാണ്ടിയെ മറികടന്ന ഒരു കോൺഗ്രസുകാരൻ കേരളത്തിലില്ല. ജനങ്ങളുമായുള്ള ഈ ജൈവിക ബന്ധമാണ് ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ അദ്ദേഹത്തിന്‍റെ 79-ാം ജന്മദിനത്തിലും പ്രസക്തനാക്കുന്നത്.

27-ാം വയസ്സിൽ പുതുപ്പള്ളിയിൽ നിന്ന് പാർലമെന്‍ററി ജീവിതം ആരംഭിച്ച ഉമ്മൻചാണ്ടി തന്‍റെ 79-ാം ജന്മദിനത്തിലെത്തുമ്പോൾ തുടർച്ചയായി ഏറ്റവും കൂടുതൽ കാലം നിയമസഭാംഗമായതിന്‍റെ റെക്കോർഡും തന്‍റെ പേരിനൊപ്പം ചേർത്തു. പ്രായോഗിക രാഷ്ട്രീയ തന്ത്രങ്ങളിലൂടെ പ്രതിസന്ധികളെയും വിവാദങ്ങളെയും വേഗത്തിൽ അതിജീവിച്ച ചരിത്രമാണ് ഉമ്മൻചാണ്ടിക്കുള്ളത്. ഈ ജന്മദിനത്തിൽ ഉമ്മൻചാണ്ടിയെ സ്നേഹിക്കുന്ന എല്ലാവരും പങ്കുവെക്കുന്നത് രോഗങ്ങളെ അതിജീവിച്ച് അദ്ദേഹം ജീവിതമാർഗത്തിൽ ബഹുദൂരം മുന്നോട്ട് പോകുമെന്ന ആത്മവിശ്വാസമാണ്.
 

K editor

Read Previous

ബസിടിച്ച് വഴിയാത്രികന്റെ മരണം; പ്രതിയെ സഹായിച്ചവരുടെ പക്കൽ സ്റ്റേറ്റ് നമ്പർപ്ലേറ്റ്

Read Next

സ്പീക്കര്‍ എ.എന്‍.ഷംസീറിന്‍റെ സഹോദരനായി ചട്ടം ലംഘിച്ചെന്ന് പരാതി