എൽദോസ് കേസിൽ അഭിഭാഷകരെ പ്രതി ചേർത്തു; അഭിഭാഷക സമരത്തിൽ സ്തംഭിച്ച് ഹൈക്കോടതി

കൊച്ചി: ഹൈക്കോടതിയിൽ സമരവുമായി അഭിഭാഷകർ. അഭിഭാഷകർ കോടതി നടപടികൾ ബഹിഷ്കരിച്ചതോടെ ഹൈക്കോടതിയുടെ പ്രവർത്തനം സ്തംഭിച്ചു. അഭിഭാഷകർക്കെതിരെ പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ചാണ് സമരം. അടിയന്തര ജനറൽ ബോഡി ചേർന്നാണ് അഭിഭാഷകർ ബഹിഷ്കരണം പ്രഖ്യാപിച്ചത്. രാവിലെ കോടതി സമ്മേളിച്ചപ്പോൾ അഭിഭാഷകരാരും ഹാജരായില്ല.

പരാതിക്കാരിയെ മർദ്ദിച്ചതിന് എൽദോസ് കുന്നപ്പിള്ളിക്കെതിരെ വഞ്ചിയൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഭിഭാഷകരെ പ്രതിചേർത്തിരുന്നു. അഡ്വ.അലക്സ്, അഡ്വ.സുധീർ, അഡ്വ.ജോസ് എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്. അഭിഭാഷകരുടെ ഓഫീസിൽ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നും ഇതിനിടയിൽ എൽദോസ് തന്നെ മർദ്ദിച്ചുവെന്നുമായിരുന്നു പരാതിക്കാരിയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതിനും കേസിൽ നിന്ന് പിൻമാറാൻ വ്യാജരേഖ ചമച്ചതിനും മർദ്ദിച്ചതിനും വഞ്ചിയൂർ പൊലീസ് എൽദോസിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് 3 അഭിഭാഷകരെയും കേസിൽ പ്രതിചേർത്തത്. 

അതേസമയം, ഇത് കള്ളക്കേസാണെന്നും ബലാത്സംഗക്കേസിൽ ജാമ്യം ലഭിച്ച ശേഷമാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തതെന്നും അഭിഭാഷകർ ആരോപിച്ചിരുന്നു. എൽദോസിന്‍റെ വക്കാലത്തുള്ളതിനാലാണ് പരാതിക്കാരിയുമായി സംസാരിച്ചതെന്ന് അഭിഭാഷകനായ സുധീർ വ്യക്തമാക്കിയിരുന്നു. 
 

K editor

Read Previous

സംഗീത സംവിധായകന്‍ ആര്‍. രഘുറാം നിര്യാതനായി

Read Next

ചെരിപ്പിൽ തുന്നിച്ചേർത്തും സിബ്ബിനോട് ചേർത്തുവെച്ചും കൊച്ചിയിൽ സ്വർണക്കടത്ത്