കേരളത്തിലേതിന് സമാനമായി ബൈജൂസ് ബെംഗളൂരു ആസ്ഥാനത്തും രാജി സമ്മർദം

ബെംഗളൂരു: എഡ്-ടെക് കമ്പനിയായ ബൈജൂസ് ബെംഗളൂരു ഓഫീസിലെ ജീവനക്കാരെയും കേരളത്തിലേതിന് സമാനമായ രീതിയിൽ പിരിച്ചു വിടുന്നതായി പരാതി. കേരളത്തിലെ 170 ജീവനക്കാരെ പിരിച്ചു വിടാനുള്ള നീക്കം പ്രതിഷേധത്തെ തുടർന്ന് കമ്പനി ഉപേക്ഷിക്കുകയും ജീവനക്കാർക്ക് ബെംഗളൂരു ഓഫീസിലേക്ക് സ്ഥലംമാറ്റം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. നടപടികളിൽ സംസ്ഥാന തൊഴിൽ വകുപ്പും ലേബർ കമ്മീഷനും ഇടപെട്ടതോടെയാണ് കമ്പനി തീരുമാനം മാറ്റിയത്. എന്നിരുന്നാലും, കമ്പനി ബെംഗളൂരു ഓഫീസിലെ ജീവനക്കാരെ ജോലി രാജിവയ്ക്കാൻ നിർബന്ധിക്കുന്നു എന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം.

ബെംഗളൂരുവിലെ ഓഫീസിൽ കൂട്ട പിരിച്ചുവിടൽ നടക്കുന്നുവെന്നും തൊഴിലാളികൾ രാജിവയ്ക്കാൻ നിർബന്ധിതരാകുകയാണെന്നും കർണാടക ഐടി എംപ്ലോയീസ് യൂണിയൻ സെക്രട്ടറി സൂരജ് നിഡിയംഗ പറഞ്ഞു. രാജിവെച്ചില്ലെങ്കിൽ ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്നും ഇത് ഭാവിയെ ബാധിക്കുമെന്നും ജീവനക്കാർക്ക് ഭീഷണിയുള്ളതായും റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിലെ 170 ജീവനക്കാരിൽ 150 ലധികം പേർ തൊഴിൽ വകുപ്പിനെയും തൊഴിൽ കമ്മീഷനെയും സമീപിച്ചതിനെ തുടർന്നാണ് സംസ്ഥാന തൊഴിൽ വകുപ്പും തൊഴിൽ കമ്മീഷനും പിരിച്ചു വിടൽ പ്രക്രിയയിൽ ഇടപെട്ടത്. ഇതേതുടർന്ന് കമ്പനി തീരുമാനം മാറ്റുകയും ട്രാൻസ്ഫർ ഓപ്ഷൻ നൽകാമെന്ന് ജീവനക്കാർക്ക് ഇ-മെയിൽ അയയ്ക്കുകയും ചെയ്തു. തിരുവനന്തപുരം ടെക്നോപാർക്കിലെ ബൈജൂസ് തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സെന്‍ററിലെ മുഴുവൻ ജീവനക്കാരെയും ബെംഗളൂരു ഓഫീസുകളിലേക്ക് മാറ്റുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എക്സിറ്റ് ഓപ്ഷൻ ഉണ്ടെന്നും കമ്പനിയുടെ പ്രതിനിധി വിനയ് രവീന്ദ്ര ഇ-മെയിലിൽ പറഞ്ഞിരുന്നു. ജീവനക്കാർക്കും അവരുടെ കുടുംബങ്ങൾക്കുമുള്ള ആരോഗ്യ ഇൻഷുറൻസ് ആറ് മാസത്തേക്ക് കൂടി തുടരുമെന്നതാണ് എക്സിറ്റ് ഓപ്ഷനിലെ ഏക പരാമർശം.

K editor

Read Previous

സംസ്ഥാനത്ത് എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് മുടങ്ങിയിട്ട് 3 വർഷം

Read Next

നരബലി- ഷാരോണ്‍ കേസുകളില്‍ ഗവർണർ ഇടപെടണമെന്ന് അല്‍ഫോണ്‍സ് പുത്രന്‍