വനിതാ ഡോക്ടര്‍ക്ക് നേരെയുണ്ടായ ആക്രമണം അപലപനീയമെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇന്നലെ ജനറൽ ആശുപത്രിയിലാണ് വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ടത്. ആരോഗ്യപ്രവർത്തകർക്കെതിരായ ഇത്തരം ആക്രമണങ്ങൾ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കുറ്റക്കാരനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ ആക്രമിച്ച സംഭവം അങ്ങേയറ്റം അപലപനീയമാണ്. ആക്രമിക്കപ്പെട്ട ഡോക്ടറെ ഫോണിൽ വിളിച്ച് എല്ലാ പിന്തുണയും അറിയിച്ചു. ഒ.പി.യിൽ ഇരിക്കുമ്പോഴാണ് ഡോക്ടർ ആക്രമിക്കപ്പെട്ടത്. ഡോക്ടറുടെ കൈക്ക് പൊട്ടലുണ്ട്. പ്രതി റിമാൻഡിലാണ്. കുറ്റവാളിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഫേസ്ബുക് പോസ്റ്റിൽ മന്ത്രി പറഞ്ഞു.

സംഭവത്തെ കെജിഎംഒഎയും ശക്തമായി അപലപിച്ചു. ‘ആശുപത്രിയിൽ വനിതാ ഡോക്ടറെ യാതൊരു പ്രകോപനവും കൂടാതെയാണ് കയ്യേറ്റം ചെയ്തത്. ആക്രമണത്തിന് ഇരയായ വനിതാ ഡോക്ടർ പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമകാരിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിട്ടുണ്ട് എന്നത് ആശ്വാസകരമാണ്. പക്ഷേ കൂടി വരുന്ന ആശുപത്രി ആക്രമണങ്ങള്‍ പ്രതിഷേധാര്‍ഹമാണ്’, കെജിഎംഒഎ പറഞ്ഞു.

K editor

Read Previous

ജനാധിപത്യ സംവിധാനങ്ങള്‍ നേരിടുന്ന വെല്ലുവിളികളിൽ ആശങ്ക പ്രകടിപ്പിച്ച് മമത ബാനര്‍ജി

Read Next

ജനങ്ങളുടെ മനസ്സിലെ കോർ കമ്മിറ്റിയിൽ സ്ഥാനമുണ്ട്; പ്രതികരണവുമായി ശോഭാ സുരേന്ദ്രൻ