സ്റ്റേഷനിൽ വിളിച്ചുവരുത്തി അപമാനിച്ചു; എസ്ഐക്കെതിരെ നടപടിക്ക് മനുഷ്യാവകാശ കമ്മീഷൻ

കൽപ്പറ്റ: മുട്ടിൽ ആനപ്പാറവയൽ സ്വദേശിയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി പെൺവാണിഭം നടത്തിയെന്നാരോപിച്ച് അപമാനിച്ച മീനങ്ങാടി എസ്.ഐക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ പൊലീസ് മേധാവിക്ക് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവ് നൽകി. ഇയാൾക്കെതിരെ ഇതുവരെ സ്വീകരിച്ച നടപടി നാലാഴ്ചയ്ക്കകം കമ്മീഷനെ അറിയിക്കാനും പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

2019 ജനുവരി 27ന് മീനങ്ങാടി പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. മീനങ്ങാടി പൊലീസ് ഇമ്മോറൽ ട്രാഫിക് പ്രിവൻഷൻ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് എസ്.ഐ പരാതിക്കാരനെ വിളിച്ചുവരുത്തി പരുഷമായി പെരുമാറിയത്. 

മനുഷ്യാവകാശ കമ്മീഷന്‍റെ അന്വേഷണ വിഭാഗം എസ്.പി.എസ്.ദേവമനോഹർ പരാതിയിൻമേൽ അന്വേഷണം നടത്തി. ഐ.ടി.പി നിയമപ്രകാരം ഒരാളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുമ്പോൾ പൊലീസിന്‍റെ ഭാഗത്തുനിന്ന് ജാഗ്രത ഉണ്ടാകണമെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഐ.ടി.പി കേസുമായി ബന്ധപ്പെട്ട് പരാതിക്കാരനെതിരെ ഒരു തെളിവും പൊലീസ് കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയിരുന്നു.

Read Previous

മാഹിയിൽ നിന്ന് അട്ടപ്പാടിയിലേക്ക് മദ്യ വിൽപ്പന; സിപിഎം അംഗം അറസ്റ്റിൽ

Read Next

കോട്ടയത്ത് തോട്ടിൽ കുടുങ്ങി പെരുമ്പാമ്പ്; നീളം ഏഴടിയോളം