ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മട്ടന്നൂര്‍: കണ്ണൂരിൽ വീട്ടമ്മയുടെ മാല പൊട്ടിച്ച സംഘത്തെ പിടികൂടുന്നതിനിടെ പൊലീസുകാരന് പാമ്പ് കടിയേറ്റു. മട്ടന്നൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ അശ്വിനാണ് പാമ്പ് കടിയേറ്റത്. മട്ടന്നൂരിനടുത്ത് കീഴല്ലൂരിൽ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പാമ്പ് കടിയേറ്റ അശ്വിനെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മട്ടന്നൂർ നായാട്ടുപാറ കരടിയിൽ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചെടുത്ത പ്രതികളെ തിരയുന്നതിനിടെയാണ് പൊലീസുകാരന് പാമ്പ് കടിയേറ്റത്. പട്ടാന്നൂർ സ്വദേശിനി കെ.രാധയുടെ മൂന്ന് പവന്റെ സ്വർണമാല ബൈക്കിലെത്തിയ സംഘം പൊട്ടിച്ചെടുത്ത് രക്ഷപെടുകയായിരുന്നു. രാധയുടെ പരാതിയിൽ മട്ടന്നൂർ പരിസരത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് കീഴല്ലൂരിൽ വച്ച് സംഘത്തെ പിടികൂടിയത്.
ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാളെ പൊലീസ് വളഞ്ഞിട്ട് പിടികൂടി. പ്രതികളിലൊരാൾ പൊലീസിനെ കണ്ട് കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടു. തുടർന്ന് പൊലീസും നാട്ടുകാരും ഇയാളുടെ പുറകെ കാട്ടിലേക്ക് ഓടി. തിരച്ചിലിനൊടുവിൽ പ്രതിയെ പൊലീസ് പിടികൂടി. ഇതിനിടെയാണ് സിപിഒ അശ്വിന് പാമ്പ് കടിയേറ്റത്. അശ്വിനെ ഉടൻ തന്നെ കണ്ണൂർ എ.കെ.ജി ആശുപത്രിയിലേക്ക് കൊണ്ടുപോയി. മോഷണക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തവരെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.