സീറോഡ് പീഡനം: 90 നാൾ കഴിഞ്ഞിട്ടും കുറ്റപത്രമില്ല ഒരു പ്രതിക്ക് ജാമ്യം

കാഞ്ഞങ്ങാട്: പ്രമാദമായ സീറോഡ് ലൈംഗിക പീഡനക്കേസ്സിൽ 90 നാൾ കഴിഞ്ഞിട്ടും പോലീസിന്റെ കുറ്റപത്രം കോടതിയിലെത്തിയില്ല. ഇതേതുടർന്ന് പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്സിൽ മുഹമ്മദ് റിയാസ്19, പ്രതിക്ക് കാസർകോട് പോക്സോ കോടതി ഇന്നലെ ജാമ്യം നൽകി.


നീലേശ്വരം പോലീസ് റജിസ്റ്റർ ചെയ്ത ഈ ലൈംഗിക പീഡനക്കേസ്സിൽ കഴിഞ്ഞ മൂന്നുമാസമായി റിമാൻഡ് തടവിൽക്കഴിയുന്ന ശേഷിച്ച ആറു പ്രതികൾക്കും കുറ്റപത്രം എത്തിയില്ലെന്ന ഒറ്റക്കാരണത്താൽ അഡീഷണൽ ജില്ലാ കോടതിക്ക് ഇനി ജാമ്യം അനുവദിക്കേണ്ടി വരും.


പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന പോക്സോ കുറ്റകൃത്യം ചുമത്തിയിട്ടുള്ള കേസ്സുകളിൽ 90 ദിവസത്തിനകം പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കണമെന്നത് കർശ്ശന നിയമമാണ്. മാത്രമല്ല, ഇത്തരം കേസ്സുകൾ റജിസ്റ്റർ ചെയ്തതു മുതൽ ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നതും പോക്സോ നിയമമാണ്. കുറ്റപത്രം കോടതിയിലെത്താത്തതിനാൽ രണ്ടു പ്രതിക്ക് ഇന്നലെ കോടതി നൽകിയത് സോപാധിക ജാമ്യമാണ്.


പത്താംതരം വിദ്യാർത്ഥിനിയായ സീറോഡ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്സിൽ മൊത്തം 6 പ്രതികളാണ് 3 മാസമായി ജയിലിൽക്കഴിയുന്നത്. ഇവരിൽ പെൺകുട്ടിയുടെ പിതാവും ഉൾപ്പെടും. പ്രതികളിൽ പ്രായം കൂടിയ ആൾ പടന്നക്കാട്ടെ ടയർ വ്യാപാരി അഹമ്മദിന് 64 വയസ്സുണ്ട്. മറ്റൊരു പ്രതി പടന്നക്കാട്ടെ ജിം ഷെരീഫ് അറുപതുകാരനാണ്. പ്രതികൾ എല്ലാവരും ഇനി ജാമ്യത്തിലിറങ്ങി മുങ്ങിയാൽ, മലപോലെ വന്ന ഈ പോക്സോ കേസ്സ് തന്നെ തകിടം മറിയാനിടയുണ്ട്.


മുങ്ങിയ പ്രതികൾ രാജ്യം വിടുകയും, കേസ്സ് വിചാരണയ്ക്ക് കോടതിയിലെത്താതിരിക്കുകയും ചെയ്താൽ, കേസ്സിൽ ശിക്ഷ പ്രഖ്യാപിക്കാൻ കോടതിക്ക് കഴിയാതെ വന്നാൽ അത് അങ്ങേയറ്റം ഗുരുതരമായി ബാധിക്കു ക ഇരയായ പെൺകുട്ടിയുടെ ഭാവിയെ ആയിരിക്കും.  സ്വന്തം പിതാവും, മാതാവും, ഈ പീഡനക്കേസ്സിൽ പ്രതിപ്പട്ടികയിലുൾപ്പെട്ടതിനാൽ, പെൺകുട്ടി മൂന്ന് മാസമായി രഹസ്യയിടത്തിൽ സർക്കാർ സംരക്ഷണത്തിൽ കഴിയുകയാണ്. പ്രതികൾ ജാമ്യത്തിലിറങ്ങിയാൽ വരാനിരിക്കുന്ന ശിക്ഷ ഭയന്ന് പ്രതികൾ പെൺകുട്ടിയെ അപായപ്പെടുത്താൻ പോലും, തുനിയുന്ന സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്.


പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്സിലെ പ്രതിക്ക് കേരളത്തിൽ ആദ്യമായി കഴിഞ്ഞാഴ്ച ഇരട്ട ജീവപര്യന്തം ശിക്ഷ പ്രഖ്യാപിച്ചത് തലശ്ശേരി പോക്സോ കോടതിയാണ്. സീറോഡ് പീഡനത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ട് ഒക്ടോബർ 19-ന് ഇന്നലേയ്ക്ക് 90 നാൾ കഴിഞ്ഞു.


കുറ്റപത്രം 90 ദിവസത്തിനകം പോലീസ് കോടതിക്ക് നൽകിയിരുന്നുവെങ്കിൽ, അടുത്ത മൂന്നുമാസത്തിനകം വിചാരണ പൂർത്തിയാക്കി ശിക്ഷ പ്രഖ്യാപിക്കുകയും, ശിക്ഷിക്കപ്പെട്ട പ്രതികളെ കോടതിയിൽ നിന്ന് നേരിട്ട് സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകേണ്ട നിയമ നടപടിയാണ് ഇപ്പോൾ ഈ കേസ്സിൽ അട്ടിമറിക്കപ്പെട്ടത്.

LatestDaily

Read Previous

ബേക്കലിൽ വീണ്ടും കൗമാര ആത്മഹത്യ

Read Next

പടന്നക്കാട്ടെ ദുരിത യാത്രയ്ക്ക്‌ പരിഹാരം എസ്റ്റിമേറ്റ്‌ തുക ഇരട്ടിയിലധികമാക്കി