ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ: ഏഴാംതരം വിദ്യാർത്ഥി തൂങ്ങി മരിച്ച സംഭവത്തിൽ ബേക്കൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ബേക്കൽ ചിറമ്മൽ ഗുരുകൃപയിലെ അശ്വതിയുടെയും പ്രവാസിയായ പ്രസാദിന്റെയും മകൻ വിഘ്നേഷാണ് ഇന്നലെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്.
കോട്ടിക്കുളം ഗവൺമെന്റ് ഫിഷറീസ് യുപി സ്കൂളിലെ ഏഴാംതരം വിദ്യാർത്ഥിയായ വിഘ്നേഷ് കാസർകോട് പിതാവിന്റെ വീട്ടിലായിരുന്നു. മൂന്ന് ദിവസം മുമ്പ് ബേക്കലിലെ മാതൃഗൃഹത്തിൽ തിരിച്ചെത്തിയ കുട്ടി കാസർകോട്ടേയ്ക്ക് തന്നെ തിരിച്ചുപോകാൻ വാശി പിടിച്ചിരുന്നു. ഇതിന് അനുവദിക്കാത്തതാണ് ആത്മഹത്യയ്ക്ക് കാരണം.
ചൊവ്വാഴ്ച പകൽ 3 മണിയോടെ വീടിനുള്ളിൽ കയറി വാതിലടച്ച വിഘ്നേഷിനെ കാണാത്തതിനെത്തുടർന്ന് വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഉദുമയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ അടുത്ത കാലത്തായി നടന്ന രണ്ടാമത്തെ കൗമാര ആത്മഹത്യയാണ് വിഘ്നേഷിന്റേത്.
മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ കുട്ടിക്ക് കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചതിനാൽ, കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത് സംസ്ക്കരിക്കും. വിദ്യാർത്ഥികളായ ദേവിക, പഞ്ചമി എന്നിവർ സഹോദരങ്ങൾ. ബേക്കലിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് അശ്വിത എന്ന വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത്. കടുത്ത ഏകാന്തതയെത്തുടർന്നുണ്ടായ വിഷാദ രോഗമാണ് അശ്വിതയുടെ ആത്മഹത്യയ്ക്ക് കാരണം.