ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്യുന്ന വൈദികർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് കേരള ചേംബർ ഓഫ് കൊമേഴ്സ് ചെയർമാൻ ബിജു രമേശ് പറഞ്ഞു. യു.എ.ഇ ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിലെ ലോജിസ്റ്റിക്സ് കമ്പനികളുടെ സ്പോൺസേർഡ് പ്രോഗ്രാമാണ് വിഴിഞ്ഞം സമരം. പണം കൈപ്പറ്റി പദ്ധതികൾ തകർക്കുന്നത് ലത്തീൻ വൈദികരുടെ സ്ഥിരം നടപടിയാണ്. സമരത്തെ അതിജീവിച്ച് ഒരു വർഷത്തിനുള്ളിൽ തുറമുഖം യാഥാർഥ്യമാകും. വിഴിഞ്ഞത്ത് സമരം ചെയ്യുന്നത് മൽസ്യതൊഴിലാളികൾ അല്ലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം വിഴിഞ്ഞം തുറമുഖ സമരം നാളെ നൂറാം ദിവസത്തിലേക്ക് കടക്കും. തുറമുഖ നിർമ്മാണം നിർത്തിവെച്ച് പഠനം നടത്തണമെന്ന ആവശ്യത്തിൽ സർക്കാരും സമരസമിതിയും രണ്ട് തട്ടിലായതോടെ പൊതുചർച്ചകൾ നിശ്ചലമായിരുന്നു.
നാളെ മുതലപ്പൊഴിയിൽ നിന്ന് കടൽ മാർഗം തുറമുഖത്ത് എത്തി ശക്തമായ താക്കീത് നൽകാനാണ് സമരസമിതിയുടെ നീക്കം. മുള്ളൂർ, വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങളിൽ ബഹുജന കൺവെൻഷനുകളും നടക്കും.
തുറമുഖ കവാടത്തിലെ സമര പന്തൽ പൊളിച്ച് നീക്കണമെന്ന ഹൈക്കോടതി വിധിയും ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവും ഉത്തരവായി തന്നെ നിൽക്കുകയാണ്. സമരം മൂലം ഇതുവരെയുണ്ടായ നഷ്ടം 150 കോടിയോളമെന്നാണ് കണക്ക്. നഷ്ടക്കണക്ക് കനക്കുമ്പോഴും സമവായം അകലെയാണ്.