ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അമേഠി: എടിഎം മെഷീനുകളുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെയും തട്ടിപ്പുകളുടെയും വാർത്തകൾ ദിനംപ്രതി പുറത്തുവരാറുണ്ട്. എന്നാൽ, ഇത്തരമൊരു വാർത്ത ആദ്യമായിരിക്കും. എടിഎം മെഷീനിൽ നിന്ന് പണം പിൻവലിക്കാൻ കാർഡ് ഇട്ട് കാത്തിരുന്ന ഉപഭോക്താക്കൾക്ക് ലഭിച്ച കള്ളനോട്ടുകൾ കണ്ട് ഞെട്ടിയിരിക്കുകയാണ് ബാങ്ക് അധികൃതരും പൊലീസും. ഉപഭോക്താക്കൾക്ക് ലഭിച്ച നോട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടേതായിരുന്നില്ല. പിന്നെ ആരുടേതാണ്? ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യയുടേത്. ഇത് ഏത് ബാങ്കാണെന്നാണ് പൊലീസും ബാങ്ക് ജീവനക്കാരും ഇപ്പോൾ ആശ്ചര്യപ്പെടുന്നത്.
ഉത്തർ പ്രദേശിലെ അമേഠിയിലാണ് വിചിത്രമായ സംഭവം നടന്നത്. ഗാന്ധിജിയുടെ ചിത്രമുള്ള നോട്ടിൽ ‘റിസർവ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നതിനുപകരം ‘ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നാണ് എഴുതിയിരിക്കുന്നത്. കൂടാതെ ‘ഫുൾ ഓഫ് ഫൺ’ എന്നും എഴുതിയിട്ടുണ്ട്. യന്ത്രത്തിനുള്ളിൽ നിന്ന് കണ്ടെത്തിയ 200 രൂപയുടെ നോട്ടിലാണ് തിരിമറി നടത്തിയിരിക്കുന്നത്. ബാങ്ക് അധികൃതർ ഉൾപ്പെടെയുള്ളവരുടെ പ്രാഥമിക നിരീക്ഷണം ആരെങ്കിലും ഇത് തമാശയ്ക്ക് വേണ്ടി ചെയ്തതാകാമെന്നാണ്. എന്നാൽ ഈ നോട്ട് എടിഎം മെഷീനിൽ എങ്ങനെ എത്തിയെന്ന് വ്യക്തമല്ല. എന്നാൽ, വിഷയം കുട്ടിക്കളിയായി തള്ളിക്കളയാൻ പൊലീസ് തയ്യാറല്ല. ഇതിൽ ഉൾപ്പെട്ടവരെ ഉടൻ കണ്ടെത്തി ഉചിതമായ ശിക്ഷ നൽകാനാണ് പൊലീസിന്‍റെ തീരുമാനം.