ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വയനാട്: കഴിഞ്ഞ ഒരുമാസമായി ഭീതിപടര്‍ത്തുന്ന ചീരാലിലെ കടുവയെ പിടിക്കാൻ തീവ്രശ്രമം. കടുവയെ പിടിക്കാൻ കുങ്കിയാനകളെ എത്തിച്ചു. വിഷയത്തിൽ സര്‍വ്വകക്ഷി സംഘം ഇന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. പതിനൊന്ന് മണിക്ക് തിരുവനന്തപുരത്താണ് ചര്‍ച്ച. ബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ, നഗരസഭാ ചെയർമാൻ ടി കെ രമേശ് നൂൽപ്പുഴ, മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവരുടെ സംഘമാണ് മുഖ്യമന്ത്രിയെ കാണുക.
അമ്പതോളം ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഈ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. കൂടുവെച്ചോ മയക്കുവെടി വെച്ചോ കടുവയെ പിടി കൂടും. 30 സിസിടിവി ക്യാമറകളും അതിന് പുറമേ നൈറ്റ്മെയർ ക്യാമറയും വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. കടുവയെ ഇനിയും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ആവശ്യമായ ഫോഴ്സിനെ മറ്റ് സ്ഥലങ്ങളിൽ നിന്നെത്തിക്കാനും ആലോചിക്കുന്നുണ്ട്.
ഇന്നലെ മാത്രം 3 പശുക്കളെയാണ് കടുവ ആക്രമിച്ചത്. നാട്ടുകാരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. ചീരാൽ മേഖലയിൽ ഒന്നര മാസത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 12 വളർത്തുമൃഗങ്ങളാണ്. വീണ്ടും വളർത്തു മൃഗങ്ങൾ കൊല്ലപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. കടുവയെ ഉടൻ പിടികൂടാനായില്ലെങ്കിൽ രൂക്ഷമായ ജനരോഷം നേരിടേണ്ടി വരുമോ എന്ന ആശങ്ക വനം വകുപ്പിനുണ്ട്. ഇതിനിടെ വളർത്ത് മൃഗങ്ങൾ നഷ്ടപ്പെട്ടവർക്കുള്ള നഷ്ടപരിഹാരം ഉടൻ നൽകാൻ നടപടി സ്വീകരിച്ചതായി വയനാട് ജില്ലാ കളക്ടർ വ്യക്തമാക്കി.