അകാരണമായി പോലീസ് തടഞ്ഞുവെച്ചു; യുവാവിന് പിഎസ്‌സി പരീക്ഷ നഷ്ടമായി

രാമനാട്ടുകര: പെറ്റിക്കേസിന്റെ പേരിൽ പോലീസ് കാരണമില്ലാതെ പിടിച്ച് വച്ചതിനാൽ യുവാവിന് പി.എസ്.സി പരീക്ഷ നഷ്ടമായി. രാമനാട്ടുകര അരുൺ നിവാസിൽ പാണേഴി മേത്തല്‍ അരുണിനെയാണ് (29) പൊലീസ് അകാരണമായി പിടിച്ചു വച്ചത്. സംഭവത്തിൽ ഫറോക്ക് അസി. കമ്മീഷണർക്ക് അരുൺ പരാതി നൽകി. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്.

മീഞ്ചന്ത ജി.വി.എച്ച്.എസ് സ്കൂളാണ് യുവാവിന് പരീക്ഷാ കേന്ദ്രമായി ലഭിച്ചത്. ഫറോക്ക് സ്റ്റേഷന് സമീപം എത്തിയതോടെ ഗതാഗതം തടസ്സപ്പെട്ടു. സമയം വൈകുമെന്ന് ബോധ്യപ്പെട്ട യുവാവ് ഫറോക്ക് പുതിയപാലത്തില്‍നിന്ന് യുടേണ്‍ എടുത്ത് ഫറോക്ക് ടൗണ്‍ വഴി പോവാനായി ശ്രമിച്ചു. ജംഗ്ഷനിൽ എത്തിയപ്പോൾ അവിടെ ഗതാഗതം നിയന്ത്രിച്ചിരുന്ന ഒരു പോലീസുകാരൻ താൻ സഞ്ചരിച്ചിരുന്ന ബൈക്ക് നിർത്തിച്ചതായി അരുൺ പറഞ്ഞു. ബൈക്ക് വശത്തേക്ക് മാറ്റി നിർത്തിയപ്പോൾ ബൈക്കിലെ ചാവിയൂരി പോലീസുകാരൻ വീണ്ടും ഗതാഗതം നിയന്ത്രിക്കാൻ പോയെന്നാണ് അരുൺ പറയുന്നത്. താൻ പരീക്ഷയ്ക്ക് പോകുകയാണെന്നും ഉച്ചയ്ക്ക് 1.30 ഓടെ പരീക്ഷാ കേന്ദ്രത്തിൽ എത്തേണ്ടതുണ്ടെന്നും വളരെ വൈകിയെന്നും ആവർത്തിച്ച് പറഞ്ഞിരുന്നെങ്കിലും പോലീസ് ചെവിക്കൊണ്ടില്ലെന്നും അരുൺ പറയുന്നു.

കുറച്ച് സമയത്തിന് ശേഷം ഉച്ചയ്ക്ക് 1.20 ഓടെ ബൈക്ക് സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് ഒരു കാരണവുമില്ലാതെ അരുണിനെ ഉച്ചയ്ക്ക് 1.55 വരെ സ്റ്റേഷനിൽ തടഞ്ഞു വച്ചു. ഇതിനിടയിലാണ് സ്റ്റേഷനിലെ എസ്.ഐ. ഹനീഫ വിവരം അറിഞ്ഞത്. തുടർന്ന് അരുണിനെ പൊലീസ് ജീപ്പിൽ കയറ്റി ഉടൻ തന്നെ പരീക്ഷാകേന്ദ്രത്തിലേക്ക് തിരിച്ചയച്ചു. എന്നാൽ റിപ്പോർട്ടിംഗ് സമയം കഴിഞ്ഞ് പരീക്ഷാ കേന്ദ്രത്തിലെത്തിയ ഉദ്യോഗാർത്ഥിയെ ഹാളിൽ പ്രവേശിക്കാൻ അധികൃതർ അനുവദിച്ചില്ല.

K editor

Read Previous

യുവജനങ്ങൾക്ക് പ്രസംഗമത്സരവുമായി സംസ്ഥാന യുവജന കമ്മീഷന്‍; ഒന്നാംസമ്മാനം 15000 രൂപ

Read Next

വിലകുറഞ്ഞ മദ്യം ലഭിച്ചില്ല; ബിവറേജ് ഷോപ്പ് തകർത്തയാള്‍ പിടിയിൽ