രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാക്കണം

ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസുകൾ പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി സാമ്യമുള്ളതാണെന്ന ഹൈക്കോടതി നിരീക്ഷണം വിഷയം ഗൗരവ തരമാണെന്ന സൂചന കൂടിയാണ് നൽകുന്നത്. കേസ് റദ്ദാക്കാനാവശ്യപ്പെട്ട് തട്ടിപ്പ് കേസ് പ്രതിയായ എംഎൽഏ കോടതിയെ സമീപിച്ചപ്പേഴാണ് ഇത്തരത്തിൽ നിരീക്ഷണമുണ്ടായതെന്നത്, തട്ടിപ്പിനെ കോടതി എത്ര മാത്രം ഗൗരവത്തോടെയാണ് കണ്ടിരിക്കുന്നതെന്നതിന്റെ സൂചന കൂടിയാണ്.


കേസുകൾ രാഷ്്ട്രീയ പ്രേരിതമാണെന്ന പതിവ് പല്ലവികൾ ആവർത്തിച്ച് ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന എംഎൽഏ എത്ര നാൾ മുട്ടാപ്പോക്ക് യുക്തികൾ നിരത്തി രക്ഷപ്പെടുമെന്ന് കാത്തിരുന്ന് കാണേണ്ടി വരും. ഏത് തരത്തിലുള്ള രാഷ്ട്രീയ ഗൂഡാലോചനയാണ്. പരാതികൾക്ക് പിന്നിലുള്ളതെന്ന് ഇനിയെങ്കിലും എംഎൽഏ വ്യക്തമാക്കണം.


നൂറോളം തട്ടിപ്പ് കേസുകൾ നിലവിൽ എംഎൽഏയ്ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ലീഗ് സംസ്ഥാന നേതൃത്വം വിഷയത്തിൽ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിന്റെ പൊരുൾ ഇനിയെങ്കിലും വ്യക്തമാക്കണം.
പ്രവാസികളുടെ ജീവിത സമ്പാദ്യങ്ങൾ കൊള്ളയടിക്കുന്ന തരത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ എംഎൽഏയെ വെള്ള പൂശാൻ ശ്രമിക്കുന്നത്. ദൗർഭാഗ്യകരമായ നിലപാട് തന്നെയാണ്.


ജീവനാംശം ലഭിച്ച തുക വരെ ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ച സ്ത്രീയടക്കം അനവധി വീട്ടമ്മമാർ തട്ടിപ്പിനിരയായി ജീവിതം വഴിമുട്ടി നിൽക്കുമ്പോഴും, പ്രശ്ന പരിഹാരത്തിന് ശ്രമിക്കാതെ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന മുസ്്ലീംലീഗ് സ്വന്തം ജനപ്രതിനിധിയെക്കൊണ്ട് പ്രശ്ന പരിഹാരമുണ്ടാക്കാതെ പുറംതിരിഞ്ഞ് കാഴ്ച്ചക്കാരായി നോക്കി നിൽക്കുന്നത് മനുഷ്യത്വ രഹിതമായ നിലപാടാണെന്ന് ആരെങ്കിലും വിമർശനമുന്നയിച്ചാൽ അവരോട് കയർത്തിട്ട് യാതൊരു ഫലവുമില്ല.


തെറ്റിനെ ഏത് ന്യായീകരണം കൊണ്ട് മൂടിവെക്കാൻ ശ്രമിച്ചാലും തെറ്റല്ലാതാവില്ലെന്ന് ജനപ്രതിനിധി ഓർക്കേണ്ടതാണ്. ചെയ്തത് തട്ടിപ്പാണെന്നറിഞ്ഞിട്ടും വീണ്ടും കോടതിയെ സമീപിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നത് ഉത്തരവാദപ്പെട്ട ജനപ്രതിനിധിക്ക് ചേർന്ന നടപടിയല്ലെന്ന് ലീഗിന്റെ സംസ്ഥാന നേതൃത്വമെങ്കിലും സ്വന്തം എംഎൽഏയെ ഓർമ്മിപ്പിക്കേണ്ടതാണ്.


കേരളത്തിന്റെ ചരിത്രത്തിൽത്തന്നെ സമാനതകളില്ലാത്ത വിധമാണ് ഒരു നിയമസഭാംഗം തുടർച്ചയായി വഞ്ചനാക്കേസുകളിൽ പ്രതിയായിക്കൊണ്ടിരിക്കുന്നത്.രാഷ്ട്രീയ ധാർമ്മികത അൽപ്പമെങ്കിലും ബാക്കിയുണ്ടെങ്കിൽ ജനപ്രതിനിധി തന്റെ എംഎൽഏ സ്ഥാനം രാജിവെക്കുക തന്നെയാണ് വേണ്ടത്.

LatestDaily

Read Previous

ഞാനിപ്പോൾ പ്രണയത്തിലാണ്

Read Next

പയ്യന്നൂരില്‍ തോക്കിന് പിന്നാലെ വ്യാജ ബോംബും