ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
നീലേശ്വരം : പട്ടാപ്പകൽ വീട്ടിനുള്ളിൽ കയറി അലമാര തുറന്ന് മോഷണശ്രമം നടത്തിയ മലപ്പുറം സ്വദേശിയെ വീട്ടുടമയും നാട്ടുകാരും ചേർന്ന് പിടികൂടി പോലീസിന് കൈമാറി. ഇന്നലെ പകൽ 11.30-ന് നീലേശ്വരം തൈക്കടപ്പുറം കോളനി റോഡിലാണ് സംഭവം. കോളനി റോഡ് എൽ.ആർ. നിലയത്തിലെ ടി.കെ. രാമചന്ദ്രന്റെ വീട്ടിലാണ് ഇന്നലെ പകൽ മോഷണശ്രമം നടന്നത്. രാമചന്ദ്രനും കുടുംബാംഗങ്ങളും അടുക്കള ഭാഗത്തിരിക്കുന്നതിനിടയിലാണ് തുറന്നിട്ട മുൻ വാതിൽ വഴി മോഷ്ടാവ് അകത്തു കടന്നത്.
അലമാര തുറന്ന് സാധനങ്ങൾ അപഹരിക്കാൻ ശ്രമിക്കുന്നത് കണ്ടെത്തിയ വീട്ടുകാർ ബഹളം വെച്ചതിനെത്തുടർന്ന് മോഷ്ടാവ് ഇറങ്ങിയോടി. രാമചന്ദ്രനും കള്ളന്റെ പിറകെ ഓടി. ഓടിക്കൂടിയ പരിസരവാസികളും ഇദ്ദേഹവും ചേർന്ന് മോഷണശ്രമം നടത്തിയയാളെ കയ്യോടെ പിടികൂടി നീലേശ്വരം പോലീസിൽ വിവരമറിയിച്ചു.
തുടർന്ന് പോലീസ് സ്ഥലത്തെത്തി ചോദ്യം ചെയ്തപ്പോഴാണ് മോഷണശ്രമം നടത്തിയത് മലപ്പുറം സ്വദേശിയായ അഷ്റഫാണെന്ന് 45, തിരിച്ചറിഞ്ഞത്. തൈക്കടപ്പുറത്തെ ഹോട്ടലിൽ ജോലിക്കെത്തിയ അഷ്റഫ് ടി.കെ. രാമചന്ദ്രന്റെ വീടിന് സമീപത്താണ് താമസം. സംഭവത്തിൽ അഷ്റഫിനെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.