അശ്വിന് അശ്രുപൂജ

സ്വന്തം ലേഖകൻ

ചെറുവത്തൂർ: ഹെലികോപ്റ്ററപകടത്തിൽ മൃത്യു വരിച്ച സൈനികന് ജന്മനാടിന്റെ അശ്രുപൂജ. അരുണാചൽ പ്രദേശ് അപ്പർസിയാംഗിൽ ഹെലികോപ്റ്റർ അപകടത്തിൽ മൃത്യു വരിച്ച ചെറുവത്തൂർ കിഴക്കേമുറിയിലെ കെ.വി. അശ്വിനാണ് 24,  ജന്മനാട് വീരോചിതമായ അന്ത്യയാത്രയൊരുക്കിയത്.

ഇന്നലെ രാത്രിയോടെയാണ് അശ്വിന്റെ മൃതദേഹം ചെറുവത്തൂരിലെത്തിച്ചത്. കണ്ണൂർ വിമാനത്തിൽ സൈനിക അകമ്പടിയോടെ എത്തിയ മൃതശരീരം തൃക്കരിപ്പൂർ എംഎൽഏ, എം. രാജഗോപാലൻ, കണ്ണൂർ ഏഡിഎം കെ.കെ. ദിവാകരൻ, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. പ്രമീള എന്നിവർ ചേർന്ന്  ഏറ്റുവാങ്ങിയാണ് ചെറുവത്തൂരിലെത്തിച്ചത്.

ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിൽ ഫ്രീസറിൽ സൂക്ഷിച്ച മൃതദേഹം ഇന്ന് രാവിലെ  വിലാപയാത്രയായി ചെറുവത്തൂരിൽ കിഴക്കേമുറിയിലെ വായനശാലയിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് അശ്വിന്റെ വീട്ടിലെത്തിച്ച മൃതദേഹം അന്ത്യകർമ്മങ്ങൾക്ക്  ശേഷം സൈനിക ബഹുമതികളോടെ  വീട്ടുവളപ്പിൽ സംസ്കരിച്ചു. കേന്ദ്രമന്ത്രി ശ്രീപദ് നായ്ക്ക്  ഇന്നലെ  മൃതദേഹത്തിന് അന്ത്യാഭിവാദ്യമർപ്പിച്ചു.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ , രാജ്മോഹൻ ഉണ്ണിത്താൻ എം.പി. എന്നിവരുെ പരേതന് ആദരാഞ്ജലിയർപ്പിക്കാനെത്തി. ജില്ലയുടെ ചുമതലയുള്ള തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു. കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഏ, സി.എച്ച്. കുഞ്ഞമ്പു എംഎൽഏ, ഇ.ചന്ദ്രശേഖരൻ എംഎൽഏ, എൻഏ. നെല്ലിക്കുന്ന് എംഎൽഏ, ഏകെ. എം അഷ്റഫ് എംഎൽഏ, ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി, മുതലായവരും ചടങ്ങിൽ പങ്കെടുത്തു.

സിപിഎം സംസ്ഥാന ക്കമ്മിറ്റിയംഗം കെ.പി. സതീഷ്ചന്ദ്രൻ, ഇന്നലെ പരേതനായ സൈനികന്റെ വീട്ടിലെത്തി ബന്ധുക്കളെ  ആശ്വസിപ്പിച്ചു. ജില്ലയിലെ ജന പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ മുതലായവർ പരേതന് അന്ത്യാഭിവാദ്യമർപ്പിച്ചു.

LatestDaily

Read Previous

ചെപ്പടി വിദ്യ കാണിക്കുന്നവരെ നിയന്ത്രിക്കാൻ പിപ്പിടി വിദ്യ വേണ്ടിവരുമെന്ന് മുഖ്യമന്ത്രിക്കെതിരെ ഗവർണർ

Read Next

അനശ്വരയുടെ ആത്മഹത്യ പ്രണയ നൈരാശ്യം മൂലം