നഗരസഭ അധ്യക്ഷയ്ക്ക് ഏറ്റ അപമാനത്തിൽ സിപിഎമ്മിന് മൗനം

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട് : നഗരസഭാ അധ്യക്ഷ കെ.വി. സുജാതയെ ഹൊസ്ദുർഗ്ഗ് കോടതികളുടെ സ്ഥലം കൈമാറ്റച്ചടങ്ങിൽ അപമാനിച്ച സംഭവത്തിൽ സിപിഎമ്മിന് മൗനം. ഒക്ടോബർ 21-ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഹൊസ്ദുർഗ്ഗ് കോട്ടയ്ക്കുള്ളിൽ കോടതി സമുച്ചയത്തിനുള്ള സ്ഥലം കൈമാറുന്ന ചടങ്ങിലാണ് കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷ കെ.വി. സുജാതയെ വേദിയിൽ ഇരുന്ന കസേരയിൽ നിന്ന് നിർബ്ബന്ധിച്ച് സംഘാടകർ എഴുന്നേൽപ്പിച്ച ശേഷം ആ ഇരിപ്പിടത്തിൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയെ ഇരുത്തിയത്.

പോലീസ് മേധാവിയും സ്ഥലം കൈമാറ്റച്ചടങ്ങിൽ സംബന്ധിച്ച ഹൈക്കോടതി ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ഇ. ചന്ദ്രശേഖരൻ എംഎൽഏ, ജില്ലാ സെഷൻസ് ജഡ്ജ് സി. കൃഷ്ണകുമാർ, പോക്സോ കോടതി ജഡ്ജ് സി. സുരേഷ്കുമാർ, ഹൊസ്ദുർഗ്ഗ് ബാർ അസോസിയേഷൻ പ്രതിനിധികൾ എന്നിവർ മുൻനിരയിലും നഗരസഭ അധ്യക്ഷ കെ.വി. സുജാത പിന്നിലും ഇരുന്ന് നടന്ന ചടങ്ങ് പൂർണ്ണമായും പ്രോട്ടോക്കോൾ ലംഘനമായിരുന്നു.

ചടങ്ങിന്റെ ഉദ്ഘാടനത്തിന് ശേഷം അധ്യക്ഷയ്ക്ക് സംസാരിക്കാൻ ലഭിച്ച അവസരത്തിൽ സുജാത തനിക്കുണ്ടായ കൈപ്പുള്ള അനുഭവം സങ്കടത്തോടെ മൈക്കിൽ തുറന്നുപറയുകയും ചെയ്തു. ജനപ്രതിനിധികൾക്ക് താഴെയാണ് ജില്ലാ കളക്ടറും പോലീസ് മേധാവിയടക്കമുള്ള സർക്കാർ ഉദ്യോഗസ്ഥരുമെന്ന് കുട്ടികൾക്ക് പോലും അറിയാമെന്നിരിക്കെ സുജാതയെ പിന്നിലിരുത്തുകയും ജില്ലാ പോലീസ് മേധാവി മുന്നിലിരിക്കുകയും ചെയ്ത സംഭവത്തിൽ ചടങ്ങ് സംഘടിപ്പിച്ച ഹൊസ്ദുർഗ്ഗ് ബാർ അസോസിയേഷൻ സിക്രട്ടറി നന്ദി പ്രകാശന ചടങ്ങിൽ ക്ഷമ ചോദിച്ചുവെങ്കിലും, ഒരു ക്ഷമയിൽ തീരാവുന്ന അപമാനമല്ല പൊതുവേദിയിൽ കാഞ്ഞങ്ങാട് നഗരസഭ അധ്യക്ഷയ്ക്കുണ്ടായത്.

ഇൗ സംഭവത്തിൽ സിപിഎം കാഞ്ഞങ്ങാട് ഏരിയാ നേതൃത്വവും പാർട്ടി ജില്ലാ കമ്മിറ്റിയും ഇതുവരെ പ്രതികരിച്ചിട്ടില്ല. അഭിഭാഷകരിൽ നിന്ന് പൊതുവേദിയിൽ കടുത്ത അപമാനം നേരിടേണ്ടി വന്ന സുജാത ഇന്നലെ മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തിൽ നടന്ന അഡ്വ. എം.സി. ജോസിന്റെ അഭിഭാഷക വൃത്തിയുടെ അമ്പതാണ്ട് ചടങ്ങിൽ  നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.

നഗരസഭ അധ്യക്ഷയെ ഇരുന്നിടത്ത് നിന്ന് എഴുന്നേൽപ്പിച്ച് പകരം ആ ഇരിപ്പിടത്തിൽ ജില്ലാ പോലീസ് മേധാവിയെ ഇരുത്തിയപ്പോൾ പോലീസ് മേധാവിക്ക് ആ ഇരിപ്പിടം വേണ്ടെന്ന് പറയാമായിരുന്നുവെങ്കിലും. ഡോ. വൈഭവ് സക്സേന കെ.വി. സുജാത ഒഴിഞ്ഞുകൊടുത്ത ഇരിപ്പിടത്തിൽ ചടങ്ങിന്റെ അവസാനം വരെ ഇരിപ്പുറപ്പിക്കുകയും ചെയ്തു.

കോടതി കെട്ടിടങ്ങൾ പണിയാൻ സ്ഥലം കൈമാറിയ ചടങ്ങ് പൂർണ്ണമായും   ഹൈക്കോടതിയുടെ നിർദ്ദേശത്തിൽ കാഞ്ഞങ്ങാട് ബാർ സംഘടന പൊതു നടത്തിയ ചടങ്ങാണ്. ഇൗ ചടങ്ങിൽ ജില്ലാ പോലീസ് മേധാവിയെ ക്ഷണിച്ച് സംസാരിപ്പിച്ചത് മറ്റൊരു അബദ്ധമാണ്. ചടങ്ങിന്റെ ക്ഷണക്കത്തിലും പ്രോട്ടോക്കോൾ ലംഘനം നടന്നിട്ടുണ്ട്. പോലീസ് മേധാവിക്ക് വേണ്ടി നഗരസഭ അധ്യക്ഷയെ വേദിയിൽ പിന്നിലിരുത്തിയ നടപടിയിൽ പ്രതിഷേധമുണ്ടെന്ന് സിപിഎം കാഞ്ഞങ്ങാട് ഏരിയാ സിക്രട്ടറി അഡ്വ. രാജ്മോഹൻ ഇന്ന് വിളിച്ചറിയിച്ചു.

സംഘാടകർ ക്ഷമാപണം നടത്തിയതിനാൽ നഗരസഭാ അധ്യക്ഷയ്ക്കുണ്ടായ അപമാനത്തിൽ മറിച്ചൊരാലോചനകൾ ഇല്ലെന്ന് പാർട്ടി ജില്ലാ കമ്മിറ്റിയംഗവും മുതിർന്ന അഭിഭാഷകനുമായ പി. അപ്പുക്കുട്ടൻ ലേറ്റസ്റ്റിൽ നിന്ന് ഇൗ സംഭവത്തിൽ പ്രതികരണമാരാഞ്ഞപ്പോൾ ഇന്നലെ പറഞ്ഞു.

LatestDaily

Read Previous

മാധ്യമങ്ങളോട് ‘കടക്ക് പുറത്തെന്ന്’ പറഞ്ഞത് താനല്ലെന്ന് ഗവർണറുടെ വിശദീകരണം

Read Next

ചെപ്പടി വിദ്യ കാണിക്കുന്നവരെ നിയന്ത്രിക്കാൻ പിപ്പിടി വിദ്യ വേണ്ടിവരുമെന്ന് മുഖ്യമന്ത്രിക്കെതിരെ ഗവർണർ