ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: കേരളത്തിനെതിരായ ആസൂത്രിതമായ പ്രചാരണത്തിന് പിന്നിൽ ഉത്തരവാദിത്തപ്പെട്ട ചിലരുമുണ്ടെന്ന് മന്ത്രി പി രാജീവ്. കേരളത്തിലെ വിദ്യാഭ്യാസ മേഖല വളരെ മോശമാണെന്ന പ്രചാരണം അതിന്റെ ഭാഗമാണെന്നും എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വിജ്ഞാനാധിഷ്ഠിത സമ്പദ് വ്യവസ്ഥയിലേക്കുള്ള പരിവർത്തനത്തിന്റെ അടിസ്ഥാനമായി സർക്കാർ കാണുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയുടെ ആധുനികവൽക്കരണമാണ്. സർക്കാരിന്റെ ബദൽ നയങ്ങൾ ഉദ്യോഗസ്ഥർ വഴിയാണ് ജനങ്ങൾക്ക് ലഭ്യമാകുന്നത്. അതിലുണ്ടാകുന്ന ചെറിയ വീഴ്ചകൾ പോലും സർക്കാരിനെതിരെ വലിയ ആയുധമായി ഉപയോഗിക്കുമെന്നും രാജീവ് മുന്നറിയിപ്പ് നൽകി.
ഗവർണർക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിൽ അധികാരങ്ങളില്ല. നിയമസഭ നൽകുന്ന ചാൻസലറുടെ അധികാരം മാത്രമേയുള്ളൂ. ഗവർണർ ഒരു ഭരണഘടനാ പദവിയാണ്. ചാൻസലർ എങ്ങനെ പ്രവർത്തിക്കണം എന്നത് നിയമനിർമ്മാണസഭ പാസാക്കിയ നിയമമാണ് നിർവചിക്കുന്നത്. സർവകലാശാലകളുടെ ചാൻസലർ ഗവർണർ തന്നെ ആകണമെന്ന് ഒരു നിയമവും നിലവിലില്ലെന്നും രാജീവ് പറഞ്ഞു.
രാവിലെ സംസ്ഥാന പ്രസിഡന്റ് എം.വി. ശശിധരൻ പതാക ഉയർത്തിയതോടെ ആരംഭിച്ച എൻജിഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിൽ 1,55,873 അംഗങ്ങളെ പ്രതിനിധീകരിച്ച് 264 വനിതകൾ ഉൾപ്പെടെ 860 പ്രതിനിധികൾ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി എസ്.അജയകുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.