ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: കെടിയു വിസിയെ പുറത്താക്കിയ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ യുജിസി മാനദണ്ഡങ്ങൾ ലംഘിച്ച് സംസ്ഥാനത്തെ അഞ്ച് വിസിമാരെ നിയമിച്ച വിഷയത്തിൽ ഗവർണർ ഉടൻ തീരുമാനമെടുക്കുമെന്ന് സൂചന. സർക്കാരിൽ നിന്നും വിസികളിൽ നിന്നും വിശദീകരണം തേടും.
കണ്ണൂർ, കേരള, എം.ജി, ഫിഷറീസ്, സംസ്കൃത സർവ്വകലാശാല എന്നിവിടങ്ങളിലെ വി.സിമാരെ ഗവർണർ പുറത്താക്കുമോ? ഒന്നിലധികം പേരുകളുള്ള പാനലില്ലാതെ ഒറ്റ പേരിൽ നിയമിതനായ കെ.ടി.യു വി.സിക്ക് സ്ഥാനം നഷ്ടമായെന്ന സുപ്രീം കോടതി വിധിക്ക് ശേഷമുള്ള പ്രധാന ചോദ്യമാണിത്. യു.ജി.സി മാനദണ്ഡങ്ങൾ ലംഘിച്ച് നിയമിതരായ അഞ്ച് വി.സിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവനിൽ പരാതി ഉയർന്നിട്ടുണ്ട്. കെടിയു കേസിലെ സുപ്രീം കോടതി വിധി മുൻ നിയമനങ്ങളെയും ബാധിക്കുമോ? ഒരു വിധിയുടെ അടിസ്ഥാനത്തിൽ നേരത്തെ നിയമിച്ച വി.സിമാരെ ഗവർണർക്ക് മാറ്റാൻ കഴിയുമോ? സംശയങ്ങൾ പലതാണ്.
കെടിയു കേസിലെ കോടതി വിധി നിയമന രീതി വ്യക്തമാക്കാനാണെന്നാണ് ഒരു അഭിപ്രായം. പാനൽ നിർബന്ധമാണെന്ന് കോടതി സാക്ഷ്യപ്പെടുത്തുമ്പോൾ നിയമനങ്ങൾ അസാധുവാകുന്നത് സ്വാഭാവികമാണെന്നാണ് വാദം. എന്നാൽ മുൻകാലങ്ങളിലെ ഓരോ നിയമനവും വെവ്വേറെ കേസുകളായി പരിഗണിക്കണമെന്ന അഭിപ്രായവുമുണ്ട്. ഒരിക്കൽ നിയമനത്തിന് അംഗീകാരം നൽകിയ ഗവർണർ വി.സിമാരെ എങ്ങനെ പിൻവലിക്കുമെന്ന ചോദ്യവുമുണ്ട്. വിധിയുടെ പകർപ്പ് സഹിതം കെ.ടി.യു നൽകിയ പരാതിയിൽ ഗവർണർ ഉടൻ സർക്കാരിനോട് വിശദീകരണം തേടിയേക്കും. വി.സി.മാരോട് വിശദീകരണം തേടാനും സാധ്യതയുണ്ട്.