എല്ലാ ടൂറിസ്റ്റ് ബസുകളും ഉടനടി നിറം മാറ്റണം, ഇളവ് പിൻവിച്ച് മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളിൽ ഏകീകൃത കളർ കോഡ് നടപ്പാക്കുന്നതിൽ ഇളവ് വരുത്തിക്കൊണ്ടുള്ള ഉത്തരവിൽ മോട്ടോർ വാഹന വകുപ്പ് ഭേദഗതി വരുത്തി. എല്ലാ ടൂറിസ്റ്റ് ബസുകളും കളർ കോഡ് പാലിക്കണമെന്ന് പുതിയ ഉത്തരവിറക്കി. പഴയ വാഹനങ്ങള്‍ അടുത്ത തവണ ഫിറ്റ്നസ് പുതുക്കാന്‍ വരുമ്പോൾ മുതൽ നിറം മാറ്റിയാൽ മതിയെന്ന ഉത്തരവാണ് തിരുത്തിയത്.

വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്ക് ഒരേ നിറം മോട്ടോർ വാഹന വകുപ്പ് നിർബന്ധമാക്കിയത്. 2022 ജൂണിന് ശേഷം രജിസ്റ്റർ ചെയ്ത വാഹനങ്ങളും ഫിറ്റ്നസ് ടെസ്റ്റിന് വരുന്ന വാഹനങ്ങളും വെള്ള പെയിന്‍റ് ചെയ്യണം. എന്നിരുന്നാലും, നിലവിൽ ഫിറ്റ് ആയ വാഹനങ്ങൾക്ക് അടുത്ത തവണ ഫിറ്റ്നസ് ടെസ്റ്റിനായി വരുന്നതുവരെ നിറം മാറ്റാതെ ഓടാൻ കഴിയും എന്നായിരുന്നു ഉത്തരവ്. ഈ ഉത്തരവിനെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്ന് കണ്ടാണ് ഇപ്പോൾ ഉത്തരവ് ഭേദഗതി ചെയ്തിരിക്കുന്നത്.

പുതിയ ഉത്തരവ് പ്രകാരം എല്ലാ കോൺട്രാക്ട് കാര്യേജ് വാഹനങ്ങളും വെള്ളയിലേക്ക് മാറണമെന്നും നിറം മാറ്റാതെ റോഡിൽ ഇറങ്ങിയാൽ പിഴ ഈടാക്കുമെന്നും ഉത്തരവിൽ പറയുന്നു. ഫിറ്റ്നസും റദ്ദാക്കും. ഉത്തരവിനെതിരെ കോൺട്രാക്ട് കാര്യേജ് ഓണേഴ്സ് അസോസിയേഷൻ രംഗത്തെത്തി. എം.വി.ഡിയുടെ ഉത്തരവുകൾ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്നാണ് പരാതി.

K editor

Read Previous

ദീപാവലി; ഗുജറാത്തില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഒരാഴ്ച പിഴയില്ല

Read Next

2023 ഓഗസ്റ്റ് മുതല്‍ ബിഎസ്എന്‍എല്‍ 5ജി ആരംഭിച്ചേക്കും