ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: വി.സിയെ നിയമിക്കാൻ ആർക്കാണ് അർഹതയെന്നും ആർക്കാണ് അർഹതയില്ലാത്തതെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ച് എപിജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം സുപ്രീം കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. യു.ജി.സി ചട്ടങ്ങൾ പാലിച്ചല്ല നിയമനം നടത്തിയതെന്ന ഹർജിക്കാരൻ ശ്രീജിത്ത് പി.എസിന്‍റെ വാദങ്ങൾ അംഗീകരിച്ച കോടതി നിയമനം റദ്ദാക്കുകയായിരുന്നു.
വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിക്കപ്പെട്ടുവെന്നായിരുന്നു ഹർജിക്കാരന്‍റെ വാദം. വി.സി.യുടെ നിയമനത്തിനായി പാനൽ നൽകുന്നതിനുപകരം ഡോ.രാജശ്രീയുടെ പേര് മാത്രമാണ് ചാൻസലറായ ഗവർണർക്ക് കൈമാറിയത്. കൂടാതെ, സെർച്ച് കമ്മിറ്റിയിൽ വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ ഉണ്ടായിരിക്കണമെന്ന യു.ജി.സി ചട്ടം ലംഘിച്ചാണ് ചീഫ് സെക്രട്ടറിയെ സെർച്ച് കമ്മിറ്റിയിൽ അംഗമാക്കിയത്. ചീഫ് സെക്രട്ടറിക്ക് വിദ്യാഭ്യാസ മേഖലയുമായി നേരിട്ട് ബന്ധമില്ലെന്നും ഹർജിക്കാരൻ വാദിച്ചു.
യു.ജി.സി ചെയർമാന്‍റെ നോമിനിക്ക് പകരം എ.ഐ.സി.ടി.ഇ നോമിനിയെ സമിതിയിൽ ഉൾപ്പെടുത്തിയത് ചട്ടലംഘനമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2015 ലെ സാങ്കേതിക സർവകലാശാലാ നിയമത്തിലെ നടപടിക്രമങ്ങൾ പാലിച്ചാണ് നിയമനമെന്നാണ് സംസ്ഥാന സർക്കാർ വാദിച്ചത്. 2013ലെ യു.ജി.സി ചട്ടപ്രകാരം സംസ്ഥാന നിയമത്തിന്‍റെ അടിസ്ഥാനത്തിലും നിയമനം നടത്താമെന്ന സർക്കാർ വാദം തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്. 2019 ലാണ് രാജശ്രീ എം.എസ് വൈസ് ചാൻസലറായി നിയമിതയായത്. കാലാവധി തീരാൻ ആറ് മാസം ബാക്കി നിൽക്കെയാണ് കോടതി ഉത്തരവിലൂടെ വിസി പദവി നഷ്ടമായത്.