ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട്: മഞ്ചേശ്വരം ബേക്കൂർ ഗവണ്മെന്‍റ് ഹയർസെക്കൻഡറി സ്കൂളിൽ ശാസ്ത്രമേളയ്ക്കിടെ പന്തൽ തകർന്ന് വീണ് പരിക്കേറ്റവരുടെ എണ്ണം 59 ആയി. ഗുരുതരമായി പരിക്കേറ്റ നാല് വിദ്യാർത്ഥികളെയും ഒരു അധ്യാപകനെയും മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തിൽ പന്തൽ നിർമ്മിച്ച മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പന്തൽ നിർമ്മാണത്തിനുള്ള കരാർ എടുത്ത ഗോകുൽ ദാസ്, ബഷീർ, അലി എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കാസർകോട് വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നൽകി.
മഞ്ചേശ്വരം ഉപജില്ലാ ശാസ്ത്രമേളയ്ക്കിടെ ഉച്ചയ്ക്ക് 2.30 ഓടെയാണ് പന്തൽ തകർന്നത്. മത്സരങ്ങൾ നടന്ന പ്രധാന വേദിയിൽ തകര ഷീറ്റും ഇരുമ്പ് കമ്പിയും കൊണ്ട് നിർമ്മിച്ച പന്തൽ തകർന്ന് വീഴുകയായിരുന്നു. ഭൂരിഭാഗം പേരുടെയും തലയ്ക്കും കൈകാലുകൾക്കുമാണ് പരിക്ക്. പരിക്കേറ്റവരെ മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലും കാസർകോട്, മംഗലാപുരം എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.
ഉച്ചഭക്ഷണത്തിനുള്ള ഇടവേളയായതിനാൽ കൂടുതൽ കുട്ടികൾ പന്തലിൽ നിന്ന് പുറത്തേക്ക് മാറിയിരുന്നു. അതിനാൽ, വലിയ അപകടം ഒഴിവായി. പന്തൽ നിർമ്മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.