ആമ്പർ ഗ്രീസ് അന്വേഷണം വഴിമുട്ടി, പുത്തൂർ ബോസ് മുങ്ങി ∙ നാലാം പ്രതി അംഗപരിമിതൻ

സ്റ്റാഫ് ലേഖകൻ

കാഞ്ഞങ്ങാട്: മല പോലെ വന്ന ആമ്പർഗ്രീസ് തിമിംഗല ഛർദ്ദി കേസ്സന്വേഷണത്തിൽ വനം വകുപ്പിനും വഴിയടഞ്ഞു. പത്തുകോടി രൂപയുടെ ആമ്പർ ഗ്രീസ് കാഞ്ഞങ്ങാട്ട് പോലീസ് പിടികൂടിയ വാർത്ത അന്താരാഷ്ട്ര തലത്തിൽ കാട്ടുതീ പോലെ യാണ് പടർന്നു പിടിച്ചിരുന്നത്.

വൻ വാർത്താ പ്രാധാന്യമാണ് ഇംഗ്ലീഷ് പത്രങ്ങളടക്കം ഈ ആമ്പർ ഗ്രീസ് ഓപ്പറേഷൻ വാർത്തയ്ക്ക് നൽകിയത്. കേസ്സിൽ മൂന്ന് പ്രതികളെ ഹൊസ്ദുർഗ്ഗ് പോലീസ് അറസ്റ്റ് ചെയ്തത് കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലെ ഗ്രീൻലാൻഡ് ലോഡ്ജിൽ നിന്നാണ്.

സുഗന്ധദ്രവ്യ നിർമ്മാണത്തിനുപയോഗിക്കുന്ന ആമ്പർ ഗ്രീസിന് പത്തുകോടി രൂപ വിലമതിക്കുമെന്നും ഇൗ ഗ്രീസ് പിടികൂടിയ അന്നുതന്നെ ഹോസ്ദുർഗ് പോലീസ് പുറത്തുവിട്ടിരുന്നു. ആമ്പർ ഗ്രീസിനൊപ്പം പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് യുവാക്കളും ഇതിനകം ജാമ്യത്തിലിറങ്ങി.

28 ദിവസം റിമാൻഡ് തടവിൽ കഴിഞ്ഞ ശേഷം ജില്ലാ കോടതിയാണ് വ്യവസ്ഥകളിൽ മൂന്നുപേർക്കും ജാമ്യം നൽകിയത്. 2022 ആഗസ്റ്റ് 28-ന് ഞായറാഴ്ചയാണ് ഹോട്ടൽ മുറിയിൽ ആമ്പർ ഗ്രീസ് മറിച്ചുവിൽക്കാനുള്ള ശ്രമത്തിനിടയിൽ  മൂന്നുപേരും പിടിയിലായത്.

രണ്ടുലക്ഷം രൂപ മുൻകൂർ നൽകി ദക്ഷിണ കർണ്ണാടക പുത്തൂർ സ്വദേശിയായ ഇടനിലക്കാരനാണ് ആമ്പർ ഗ്രീസ് കാഞ്ഞങ്ങാട് സ്വദേശികൾക്ക് കൈമാറിയതെന്ന് പോലീസ് അന്വേഷണത്തിൽ പുറത്തുവന്നിരുന്നുവെങ്കിലും, പിന്നീട് വനംവകുപ്പ് ഏറ്റെടുത്ത അന്വേഷണത്തിൽ ഇതുവരെ ഗ്രീസ്  വിൽപ്പനയുടെ സൂത്രധാരൻ പുത്തൂർ ബോസിനെ കണ്ടെത്താനും ചോദ്യം ചെയ്യാനും കഴിഞ്ഞിട്ടില്ല.

ഗ്രീസ് കൈമാറ്റത്തിൽ  കാഞ്ഞങ്ങാട് സ്വദേശിയായ മറ്റൊരാൾ ഉൾപ്പെടുമെന്ന് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് വനംവകുപ്പിന് ബോധ്യപ്പെട്ടിരുന്നു. പ്രതിയായ നാലാമനെ വനംവകുപ്പ്  ഇനിയും കസ്റ്റഡിയിലെടുത്തിട്ടുപോലുമില്ല.

നാലാമനെ തിരിച്ചറിഞ്ഞുവെന്ന് വനം വകുപ്പ് പുറത്തു വിട്ടിരുന്നുവെങ്കിലും, അംഗപരിമിതനാണെന്ന് വനം വകുപ്പ് വെളിപ്പെടുത്തിയ നാലാം പ്രതിയെ അറസ്റ്റ് ചെയ്തില്ല. ആമ്പർ ഗ്രീസിന്റെ സൂത്രധാരൻ കർണ്ണാടക സ്വദേശിയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കേസ്സന്വേഷണ ഉദ്യോഗസ്ഥൻ ലേറ്റസ്റ്റിനോട് പറഞ്ഞു.

കർണ്ണാടകയിലുള്ള സൂത്രധാരന്റെ താവളം കണ്ടത്തിയെങ്കിലും ആൾ മുങ്ങിയിരിക്കുകയാണെന്ന് കേസ്സന്വേഷണ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. പ്രമാദമായ ഈ കേസ്സിന്റെ തുടർ അന്വേഷണം ഏതാണ്ട് വഴിമുട്ടിയ നിലയിലാണ്.

LatestDaily

Read Previous

സന്ദീപാനന്ദ ഗിരിയുടെ ആശ്രമം ഏറ്റെടുക്കാൻ ഔഷധി

Read Next

കുറ്റിക്കാട്ടിൽ ജീർണ്ണിച്ച പുരുഷ ജഡം