ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: സ്വർണക്കടത്ത് കേസിലെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റുന്നതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ സുപ്രീം കോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുമതി നൽകി. ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് അനുമതി നൽകിയത്.
ഇ.ഡിയുടെ ഹർജി നവംബർ മൂന്നിന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. നവംബർ എട്ടിന് ചീഫ് ജസ്റ്റിസ് യു.യു.ലളിത് വിരമിക്കും. വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ആവശ്യത്തെ എതിർത്ത് സംസ്ഥാന സർക്കാരും എം.ശിവശങ്കറും സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
സ്വർണക്കടത്ത് കേസിൽ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾക്ക് പിന്നിൽ ബാഹ്യ സമ്മർദ്ദവും ഗൂഢലക്ഷ്യങ്ങളുമാണെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. ഇഡി 12 തവണ മൊഴിയെടുത്തിട്ടും ഉന്നയിക്കാത്ത ആരോപണങ്ങളാണ് സ്വപ്ന സുരേഷ് ഇപ്പോൾ മജിസ്ട്രേറ്റിനും മാധ്യമങ്ങൾക്കും മുന്നിൽ ഉന്നയിക്കുന്നതെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. സ്വപ്ന സുരേഷും പി.എസ് സരിത്തും ഇ.ഡിയുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ട്.