ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കോഴിക്കോട്: സി.ഐ.സിയുടെ വാഫി വഫിയ്യ സനദ് ദാന സമ്മേളനത്തില്‍ സമസ്തയ്ക്കെതിരെ വിമർശനവുമായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. പാണക്കാട് കുടുംബവും സമസ്തയും പണ്ഡിതൻമാരും ചേർന്നാണ് സാമൂഹിക നവോത്ഥാനം ഉണ്ടാക്കിയതെന്നായിരുന്നു പരാമർശം. ഒരൊറ്റ ദിവസം കൊണ്ട് ആരും വിപ്ലവം ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമസ്തയുടെ വിലക്ക് നിലനില്‍ക്കേ പാണക്കാട് കുടുംബത്തിലെ പ്രമുഖർ സനദ് ദാന സമ്മേളനത്തിലുടനീളം പങ്കെടുത്തതും ശ്രദ്ധേയമാണ്.
കോഴിക്കോട് നടക്കുന്ന സി.ഐ.സിയുടെ വാഫി വഫിയ്യ സനദ് ദാന സമ്മേളനത്തിൽ നിന്ന് പോഷക സംഘടനാ നേതാക്കൾ വിട്ടുനിൽക്കണമെന്ന് സമസ്ത ആവശ്യപ്പെട്ടിരുന്നു. അതേസമയം, വേദിയിൽ തന്നെ പി കെ കുഞ്ഞാലിക്കുട്ടി സമസ്തയെ പരോക്ഷമായി വിമർശിച്ചു. നവോത്ഥാനത്തിനായി എല്ലാവരും അണിനിരന്നുവെന്ന് പറഞ്ഞ കുഞ്ഞാലിക്കുട്ടി നവമാധ്യമങ്ങള്‍ ഉപയോഗിക്കേണ്ടത് ഐക്യത്തിന് വേണ്ടിയാകണമെന്നും പറഞ്ഞു.
സമസ്തയുടെ വിലക്ക് ലംഘിച്ച് പാണക്കാട് കുടുംബത്തിലെ പ്രമുഖരെല്ലാം സമ്മേളനത്തിനെത്തി. വൈകുന്നേരം നടന്ന സനദ് ദാന പരിപാടിയിൽ എസ് വൈ എസ് പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, റഷീദലി തങ്ങൾ, അബ്ബാസ് അലി തങ്ങൾ എന്നിവർ പങ്കെടുത്തു. സമസ്തയുടെ വിദ്യാർത്ഥി വിഭാഗമായ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഹമീദലി തങ്ങൾ രാവിലെ തന്നെ വേദിയിലെത്തിയിരുന്നു. എന്നാൽ ആരും സമസ്തയെ വിമർശിച്ചില്ല. ഇസ്ലാമിക കോളേജുകളിൽ നിര്‍ദേശിച്ച മാറ്റങ്ങൾ നടപ്പാക്കാത്തതിനെച്ചൊല്ലി സമസ്ത സി.ഐ.സിയുമായി അഭിപ്രായവ്യത്യാസത്തിലായിരുന്നു.