ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി 1920 ഒക്ടോബർ 17 ന് തഷ്കന്റിൽ രൂപീകരിച്ചതിന്റെ നൂറാം വാർഷികം ലോകമെങ്ങും ആചരിക്കുകയാണ്. നിരവധി സവിശേഷതകളുള്ള ഒരു സാമൂഹ്യ-രാഷ്ട്രീയ സന്ദർഭത്തിലാണ് ചരിത്രം സൃഷ്ടിച്ച ഈ സംഭവം നടന്നത്.
മനുഷ്യന് മേൽ അടിച്ചേൽപ്പിക്കുന്ന എല്ലാ വിധത്തിലുമുള്ള ചൂഷണങ്ങളിൽ നിന്നും അടിച്ചമർത്തലുകളിൽ നിന്നുമുള്ള വിമോചനമെന്ന മഹത്തായ ആശയങ്ങൾ യാഥാർത്ഥ്യമാക്കാൻ ജീവിതം തന്നെ സമർപ്പിച്ചു പ്രവർത്തിച്ച പ്രസ്ഥാനങ്ങളെയും വ്യക്തികളെയും ചരിത്രത്തിൽ നമുക്ക് കണ്ടെത്താനാവും. മനുഷ്യന്റെ ചിന്തയും അന്വേഷണങ്ങളും പുതിയ തലങ്ങളിലേക്കുയർന്ന ഘട്ടങ്ങളുടെ പ്രതീകങ്ങളായിരുന്ന സോക്രട്ടീസും , ശ്രീബുദ്ധനും, ,ഉൾപ്പെടെ എണ്ണമറ്റ മഹത് ചിന്തകരും വിപ്ലവകാരികളായ നവോത്ഥാന നായകരും സൃഷ്ടിച്ച കൊടുങ്കാറ്റുകൾ ഇന്നും ഓർമ്മയിലിരമ്പിയെത്തുകയാണ്.
മാനവീയ ആശയങ്ങളെ ചാൾസ് ഡാർവിൻ , ഹെൻട്രി മോർഗൻ, ഹെഗൽ ,ഫൊയർബാഗ്, റൂസ്സോ തുടങ്ങി ഒട്ടനവധി മഹാരഥന്മാരായ ചിന്തകരും അനേകം സാമൂഹ്യവിപ്ലവകാരികളും മഹത്തായ സംഭാവനകൾ നൽകി കൂടുതൽ കരുത്തുറ്റതാക്കി.
ഇത്തരം ചിന്തകളുടെയും കർമ്മ പദ്ധതികളുടെയും തുടർച്ചയെന്ന നിലയിലാണ് 19-ാം നൂറ്റാണ്ടിന്റെ ഉത്താരാർദ്ധത്തിൽ കാൾ മാർക്സിന്റെയും ഫെഡറിക്ക് എം ഗൽസിന്റെയും നേതൃത്വത്തിൽ 1847 ൽ കമ്യൂണിസ്റ്റ് ലീഗ് എന്ന പേരിൽ ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി ജന്മമെടുത്തത്. 1948 ൽ പ്രകാശനം ചെയ്ത കമൂണിസ്റ്റ് മാനിഫെസ്റ്റോ ആകട്ടെ കമ്മ്യൂ ണിസ്റ്റ് പാർട്ടിയുടെ വിഖ്യാതമായ നയപ്രഖ്യാപനമായിരുന്നു.
വിവിധ രാജ്യങ്ങളിൽ.മതം, വംശം ഗോത്രം വർണ്ണം എന്നിവയുടെ പേരിൽ നടന്ന പരസ്പര പോരാട്ടങ്ങളും കോളനി വാഴ്ചയിൽ അടിച്ചമർത്തപ്പെട്ട മനുഷ്യരുടെ ജീവിത ദുരിതങ്ങളും അരങ്ങു തകർത്തിരുന്ന ഒരു ചരിത്ര സന്ധിയിൽ മാർക്സിസം വിഭാവനം ചെയ്ത തൊഴിലാളി വർഗ്ഗ വിപ്ലവത്തിലൂടെ മനുഷ്യ വിമോചന മെന്ന ആശയത്തിലാകൃഷ്ടരായ നിരവധി വിപ്ലവകാരികാരികൾ അവർ ജീവിക്കുന്ന രാജ്യങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടി സംഘടിപ്പിക്കുവാൻ രംഗത്തിറങ്ങി. 1917 ൽ റഷ്യയിൽ നടന്ന വിപ്ലവവും സോവ്യറ്റ് യൂണിയന്റെ ഉദയവും കമ്മ്യൂണിസ്റ്റ് ആശയങ്ങ ളു ടെ ലോകവ്യാപനത്തെ ത്വരിതപ്പെടുത്തി. ലെനിൻ നേതൃത്വം നൽകിയ കമ്മ്യൂണിസ്റ്റ് ഇന്റർനാഷണൽ ലോക ത്തിലെങ്ങുമുള്ള വിപ്ലവ ശക്തികളുടെ സ ഹാ യ കേന്ദ്രമായി പ്രവർത്തിച്ചു.
ഇന്ത്യയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പ്രവർത്തിച്ചു വന്നിരുന്ന ഇന്ത്യക്കാരായ വിപ്ലവകാരികളെയും മാർക്സിസ്റ്റ് ആശയങ്ങൾ സ്വാധീനിച്ചു.
ഇതിന്റെ ഭാഗമായാണ് ഇന്ത്യയിൽ ഒരു കമ്യൂണിസ്റ്റ്പാർട്ടി രൂപീകരിക്കണമെന്ന ആശയം ഉയർന്ന് വന്നത്.
അതിന്റെ സാക്ഷാൽക്കാരമായിരുന്നു താഷ്കന്റ് യോഗം ‘. പ്രസ്തുത യോഗത്തിൽ ,. മാനവേന്ദ്രനാഥ് റോയ് എന്ന എംഎൻ റോയ്, എവിലിൻ റോയ്, അബനി മുഖർജി., റോസാ ഫിറ്റിൻ ഗോഫ്, മുഹമ്മദലി, മുഹമ്മദ് ഷെഫീക്ക് എംപിബിടി ആചാര്യ എന്നിവരാണ് പങ്കെടുത്തത്.
ആചാര്യയെ ചെയർമാനായും, മുഹമ്മദ് ഷെഫീക്കിനെ ‘ സെക്രട്ടറിയായും തെരെഞ്ഞടുത്തു. ഇന്ത്യ യിലെ കമൂണിസ്റ്റ് പാർട്ടി താഷ്കന്റിൽ രൂപീകരിക്കപ്പെട്ടതറിഞ്ഞ് പരിഭാന്തരായബ്രിട്ടീഷ് സാമ്രാജ്യത്വം തുടക്കം മുതൽ തന്നെ കിരാതമായ വേട്ടയാടലും അടിച്ചമർത്തലും ആരംഭിച്ചു.
കമ്യൂണിസ്റ്റുകാരെന്ന് സംശയിക്കപ്പെടുന്നവരെ മാത്രമല്ല അവരുമായി വിദൂരബന്ധമുണ്ടെന്ന് കരുതുന്നവരെ ഉൾപ്പെടെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. 1920-നും 27 നും ഇടയിൽ മാത്രം പെഷവാർ ഗൂഢാലോചന കേസ്സുകളെന്ന പേരിൽ, 5 കേസുകൾ ചാർജ് ചെയ്ത് നൂറിലധികം നേതാക്കളെയും സഹയാത്രികരെയും രണ്ട് മുതൽ അഞ്ച് വർഷം വരെ കൽത്തുറുങ്കിലടച്ചു.
തുടർന്ന് കോൺപൂർ ഗൂഡാലോചന കേസ്സ് ഉൾപ്പെടെ കുപ്രസിദ്ധി ആർജ്ജിച്ച നിരവധി കേസ്സുകൾ തുടർച്ചയായി ചാർജ് ചെയ്യപ്പെടുകയും നിരവധി പേർ ഇരുമ്പഴിക്കുള്ളിലാവുകയും ചെയ്തു. ശൈശവാവസ്ഥയിൽ തന്നെ അഭിമുഖീകരിക്കേണ്ടി വന്ന കിരാതമായ ഭരണ കൂട വേട്ട’ യ്ക്കിടയിലും ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് കടന്നു വരാൻ ദേശാഭിമാനികളായ നിരവധി വിപ്ലവകാരികൾ സന്നദ്ധരായി.
തൊഴിലാളി -കർഷകർ തുടങ്ങി യ അടിസ്ഥാന വർഗ്ഗങ്ങളിൽ നിന്നുള്ളവരോടൊപ്പം, ഉപരിവർഗ്ഗ- മദ്ധ്യവർഗ്ഗ കുടംബങ്ങളിൽ നിന്നുള്ള ഉന്നത വിദ്യാഭ്യാസം നേടിയ ഉൽപതിഷ്ണുക്കളായ യുവാക്കളുൾപ്പെടെ കമ്യൂണിസ്റ്റ് ആശയങ്ങളോട് ആഭിമുഖം പ്രകടിപ്പിച്ച് പാർട്ടിയിലേക്ക് കടന്നു വന്നു.
സ്വാമിവിവേകാനന്ദന്റെ സഹോദരൻ ദ്വാരകാ നാഥ്ദത്ത്, മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ സഹോദരീ പുത്രൻ, സൗമേന്ദ്ര നാഥ് ടാഗോർ, കവയിത്രി സരോജിനി നായിഡുവിന്റെ സഹോദരി സുഹാസിനി നായിഡു, മറ്റൊരുസഹോദരിയുടെ മകൻ വീരേന്ദ്രനാഥ് തുടങ്ങിയവർ ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ കാല പ്രവർത്തകരായിരുന്നു എന്ന അഭിമാനകരമായ വസ്തുത ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനിടയിൽ.ഇന്ത്യയിലെ കമ്യൂണിസ്റ്റ് മുന്നേറ്റത്തെ ആപത്തായി കണ്ട ബ്രിട്ടീഷു് സാമാജ്യത്വം നടത്തിയ അതിശക്തമായ മറ്റൊരു ഇടപെടലായിരുന്നു 1929 – ൽ ചാർജ്ജു ചെയ്ത മീററ്റ് ഗൂഢാലോചന കേസ് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ കമ്മ്യൂണിസ്റ്റ് നേതാക്കളെയും, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയെ സഹായിക്കൂന്നതിനായി എത്തിച്ചേർന്ന ബ്രിട്ടീഷ് പൗരൻമാരായ രണ്ടു് കമ്മ്യൂണിസ്റ്റ് നേതാക്കളെയും ഉൾപ്പെടുത്തിയാണ് ഈ കേസ്ചാർജ് ചെയ്തത്.
കുപ്രസിദ്ധമായ മീററ്റ് ഗൂഢാലോചന കേസ്സ് ഫലത്തിൽ ഇന്ത്യയിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ യശസ്സുയർത്തുകയാ ണ ചെയ്തത്. കുറ്റം ചുമത്തപ്പെട്ട കമൂണിസ്റ്റ് നേതാക്കളായ പ്രതികൾ കോടതിയിൽ നടത്തിയ ദേശാഭിമാന ബോധവും ആദർശധീരതയും നിറഞ്ഞ ഉജ്ജ്വല പ്രസ്താവന ഇന്ത്യയിലെങ്ങുമുള്ള ദേശാഭിമാനികളെ ആവേശഭരിതരാക്കി.
ആൽബർട്ട് ഐൻസ്റ്റയിൻ, ഹരോൽഡ് ലാസ്ക്കി, ബർണാഡ് ഷാ റൊമയിൻ റൊളാങ്ങ് തുടങ്ങി അക്കാലത്തെ വിശ്വപ്രശസ്തരായ മഹാരഥൻമാർ മീററ്റ് ഗൂഢാലോചന കേസ്സിനെ ശക്തമായി അപലപിക്കുകയും പ്രതികളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു…
ഇന്ത്യയിലെ ദേശാഭിമാനികളായ ബ്രിട്ടീഷ് വിരുദ്ധ പോരാളികളുടെ മനസ്സിനെ സ്വാധീനിക്കുവാൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കഴിഞ്ഞ സാഹചര്യമുണ്ടായി.
അക്കാലത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേതൃത്വം പോലും മീററ്റ് കമ്മ്യൂണിസ്റ്റ് ഗൂഡാലോചനകേസ്സ് പ്രതികളോട് ഐക്യദാർഡ്യം പ്രകടിപ്പിക്കുവാൻ നിർബന്ധിതരായി. മഹാത്മാഗാന്ധി മീററ്റ് പ്രതികളെ ജയിലിൽ സന്ദർശിച്ച് ഐക്യദാർഢ്യമറിയിച്ചു .
മീററ്റ് കേസ്സ് നടത്തിപ്പിനും, ധനശേഖരണത്തിനുമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്, മോത്തിലാൽ നെഹ്റു ചെയർമാനും ജവഹർലാൽ നെഹ്റു കൺവീനറുമായി മീറത്ത് ഡിഫൻസ് കമ്മറ്റി രൂപീകരിച്ചു. മീററ്റ് കേസ്സിലെ പ്രതികളെ ബ്രിട്ടീഷ് സാമ്രാജ്യത്വം തുറുങ്കിലടച്ചു വെങ്കിലും പാർട്ടി രൂപീകരണത്തിന്റെ ഒരു ദശവർഷം പിന്നിടുന്നതിന് മുമ്പ് തന്നെ ഇന്ത്യയിലെ ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുടെയും, പോരാളികളുടെയും പിന്തുണയും ഐക്യദാർഢ്യവും ഏറ്റുവാങ്ങാൻ കമ്യൂണിസ്റ്റ് സഖാക്കൾക്ക് കഴിഞ്ഞു.
ജയിൽ വിമുക്തരായ മീററ്റ് കേസ്സ് പ്രതികളായ കമൂണിസ്റ്റ് നേതാക്കൾ 1933-ൽ കൽക്കത്തയിൽ രഹസ്യമായി യോഗം ചേർന്ന് ഡോ: ജി. അധികാരി ജനറൽ സെക്രട്ടറിയായി കേന്ദ്ര കമ്മിറ്റി പുനസംഘടിപ്പിച്ച് കൂടുതൽ ഊർജ്ജസ്വലതയോടെ പ്രവർത്തന രംഗത്തിറങ്ങി.
തുടർന്നുള്ള ഘട്ടങ്ങളിൽ, ബ്രിട്ടീഷ് ആധിപത്യ ത്തിനെതിരെ ദേശീയ സ്വാതന്ത്യത്തിനായുള്ള സമരത്തിൽ കമ്യൂണിസ്റ്റ് പാർട്ടി അതി മഹത്തായ പങ്കു വഹിച്ചു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കോൺഗ്രസ്സ് പൂർണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നതിന് മുമ്പു് ഈ ആവശ്യം ഉന്നയിച്ച് 1921 ലെ അഹമ്മദബാദ് എ.ഐ.സി.സി സമ്മേളനത്തിൽ പൂർണ്ണ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടുള്ളപ്രമേയം കമ്യൂണിസ്റ്റ് കാരായ പ്രതിനിധികൾ അവതരിപ്പിച്ചു.
ഹസ്രത്ത് മെഹ്റാനി അവതരിപ്പിക്കുകയും സ്വാമി കുമാരാനന്ദ പിന്താങ്ങുകയും ചെയ്ത പ്രമേയം തിരസ്കരിക്കപ്പെട്ടുവെങ്കിലും ഇന്ത്യയുടെ പൂർണ്ണ സ്വതന്ത്ര്യം എന്ന മുദ്രാവാക്യത്തിന്റെ പ്രസക്തി വർദ്ധിപ്പിക്കുവാൻ കമ്യൂണിസ്റ്റുകാരുടെ ഇടപെടലിലൂടെ കഴിഞ്ഞു.
അതോടൊപ്പം, വിദേശ ഭരണത്തിനെതിരെ പോരാടുന്നതോടൊപ്പം സ്വദേശികളായ ചൂഷകർക്കെതിരായും കമ്യൂണിസ്റ്റ് പാർട്ടി സുധീരം പോരാടി.
ഈ രണ്ടു ദിശകളിലും പാർട്ടി നടത്തിയ ആത്മത്യാഗ പരവും, തീക്ഷ്ണവുമായ പോരാട്ടങ്ങൾ സ്വാതന്ത്ര സമര ചരിത്രത്തിലെ ത്യാഗോജ്ജ്വലമായ അദ്ധ്യായങ്ങളാണ്. ഐതിഹാസികമായ തെലുങ്കാന സമരത്തിനും പുന്നപ്ര വയലാറിനും നേതൃത്വം നൽകിയ പാർട്ടി നാവിക കലാപത്തിലും സുപ്രധാന പങ്കുവഹിച്ചു. കയ്യൂർ കരിവെള്ളൂർ ചെറുത്തു നിൽപ്പിന് സമാനമായ നിലയിൽ ബ്രിട്ടീഷ് ഭരണത്തിനും ജന്മി വാഴ്ചക്കുമെതിരെ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യ സമര മുന്നേറ്റങ്ങളും രക്തസാക്ഷിത്വങ്ങ ളും ചരിത്രത്തിന്റെ ഭാഗമാണ്.
സ്വാതന്ത്രലബ്ധിക്ക് ശേഷം ഇന്ത്യയിൽ അധികാരത്തിൽ വന്ന ജനവിരുദ്ധ നയങ്ങളുടെ വക്താക്കളായ ഭരണാധികാരികൾക്കെതിരായ നിരവധി ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയതോടൊപ്പം, ജനാധിപത്യ സംവിധാനത്തിൽ പാർലിമെന്റിനേയും നിയമസഭകളെയും കമ്യൂണിസ്റ് പാർട്ടി ജനകീയ ആവശ്യങ്ങൾക്കായുള്ള പോരാട്ട വേദിയാക്കി.
1957-ൽ കേരളത്തിൽ ഇഎഎസിന്റെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാർ, ജനപക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് ഭൂപരിഷ്കരണം, സാർവ്വത്രിക വിദ്യാഭ്യാസം, സാമൂഹ്യ പരിഷ്ക്കരണം, തൊഴിലാളി ക്ഷേമം, വ്യവസായ – കാഷിക മേഖലകളിൽ മിനിമം കൂലി, മറ്റ് ക്ഷേമ പദ്ധതികൾ ,പോലീസ് സേനയെ പ്രമാണിമാരുടെ സ്വാധീനത്തിൽ നിന്ന് മോചിപ്പിക്കൽ തുടങ്ങി യ ജനപക്ഷ നയങ്ങൾ നടപ്പിലാക്കിക്കൊണ്ട് രാജ്യത്തിന് മാതൃകയായി.
ഇന്ത്യ ഭരിച്ച നെഹ്റു സർക്കാറിനോ മറ്റ് സംസ്ഥാന കോൺഗ്രസ് സർക്കാറുകൾക്കോ നടപ്പിലാക്കാ നയങ്ങ ൾ നടപ്പിലാക്കി കമ്മ്യൂണിസ്റ്റ് സർക്കാർ ചരിത്രം സൃഷ്ടിച്ചു. പാർലിമെന്റിലും അസംബ്ലിയിലും ലഭിക്കുന്ന സീറ്റിന്റെേയും വോട്ടിന്റെയും അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തൽ നടത്തിക്കൊണ്ട് കമൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രസക്തി നിർണ്ണയിക്കുവാൻ ശ്രമിക്കുന്നതു തെറ്റായ വിശകലന രീതിയാണ് .
ഇന്ത്യയിൽ നിലനിൽക്കുന്ന അതിസങ്കീണ്ണമായ സാമൂഹ്യ സ്ഥിതികൾ വലത് പക്ഷത്തിന് നിലനിൽക്കാനുള്ള സാഹചര്യം ഒരുക്കിയിരുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. സഹസ്രാബ്ദങ്ങളായി ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളെ മതത്തിന്റെയും ജാതിയുടേയും പേരിൽ തമ്മിലടിപ്പിച്ചും, അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടേയും പ്രാകൃതമായ ചങ്ങലകെട്ടുകളിൽ ബന്ധിച്ച് അടിമത്ത ബോധത്തിലാഴ്ത്തിയും ചൂഷക വാഴ്ച ഉറപ്പിക്കാൻ പ്രതിലോമശക്തികൾ നടത്തിയ ശ്രമം വിജയം കണ്ട നാടാണ് ഇന്ത്യ. ഇത്തരം അവസ്ഥക്കെതിരെ സ്വാതന്ത്ര്യ പൂർവ്വ ഘട്ടത്തിൽ തന്നെ കർഷകരും തൊഴിലാളികളും ഉൾപ്പെടുന്ന അടിസ്ഥാന ജനവിഭാഗങ്ങളെ അണിനിരത്തി എണ്ണമറ്റ വർഗ്ഗസമരങ്ങൾ സംഘടിപ്പിക്കാനും ആശയപ്രചരണം നടത്താനും പാർട്ടി നിരന്തരം പരിശ്രമിച്ചു.സ്വാതന്ത്രലബ്ധിക്ക് ശേഷം നാട്ടുകാരായ ഭരണവർഗ്ഗങ്ങൾ വ്യത്യസ്തതകളോടെ പഴയ ശൈലി തുടരുന്ന സ്ഥിതിയാണുണ്ടായത്.
ഇന്നത്തെ കാലത്തുൾപ്പെടെ വടക്കേ ഇന്ത്യൻ ഗ്രാമങ്ങളിൽ നടക്കുന്ന സംഭവങ്ങൾ ഈ യാഥാർത്ഥ്യമാണ് സാക്ഷ്യപ്പെടുത്തുന്നത് ഇത്തരം അവസ്ഥകൾക്ക് അറുതി വരുത്തുന്നതിനായി അടിച്ചമർത്തപ്പെട്ട ജനങ്ങളോടൊപ്പം നിന്ന് കൊണ്ട് പാർട്ടി ഇപ്പോഴും പോരാട്ടത്തി.ന്റെ പാതയിലാണ്. ഇത്തരം ഇടപെടലുകളിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ജനസ്വാധീനവും മുൻകൈയ്യും ആർജ്ജിക്കുവാൻ കഴിഞ്ഞ പ്രദേശങ്ങൾ വ്യത്യസ്തമായ ജീവിതാനുഭവമാണ് അവതരിപ്പിക്കുന്നത്.
കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസക്തി എന്താണെന്ന ചോദ്യത്തിനുള്ള മറുപടി ഈ ജീവിതാനുഭവങ്ങൾ തന്നെയാണ്. എങ്കിലും സ്വന്തം നയങ്ങളുടെ ഫലമായി ദുരിതമനുഭവിക്കേണ്ടി വരുന്ന ജനങ്ങളെ പല വിധത്തിൽ പ്രലോഭിപ്പിച്ചും, തെറ്റിദ്ധരിപ്പിച്ചും ഒപ്പം നിർത്താൻ വലത് പക്ഷ ജനവിരുദ്ധ ശക്തികൾക്ക് കഴിയുന്നുണ്ടെന്ന ചരിത്രത്തിലെ അനുഭവങ്ങൾ സമകാലിക ഇന്ത്യയിൽ മാത്രമല്ല രാഷ്ട്രീയ പ്രബുദ്ധമായ കേരളത്തിൽ പോലും നമുക്ക് കാണാനാവും ജനങ്ങളുടെ ജീവിത പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുള്ള പ്രക്ഷോഭങ്ങളോടൊപ്പം ശക്തമായ സമരമുറ സംഘടിപ്പിച്ചും മാത്രമേ പുതിയ കാലത്ത് ഇത്തരം പ്രശ്നങ്ങളെ മറികടക്കാനാവൂ.
കേന്ദ്രത്തിൽ അധികാരത്തിലുള്ള തീവ്ര വലതുപക്ഷ പാർട്ടിയായ ബി.ജെ.പി സംഘ പരിവാർ സർക്കാർ സ്വതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റവും ജനവിരുദ്ധവും നാട് ഉയർത്തി പിടിച്ച മതേതരത്വത്തിന്റെയും ബഹുസ്വരതയുടേയും മുല്യങ്ങളെ തകർക്കുന്നതുമായ നയങ്ങളാണ് അടിച്ചേൽപ്പിക്കുന്നത്.
എന്നാൽ ആ സ്ഥിതി എക്കാലത്തേക്കുള്ള താണെന്ന് കമ്യൂണിസ്റ്റു കാർ കരുതുന്നില്ല. ഇന്ത്യയിലെ ജനകോടികൾ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയുന്ന കാലം വിദൂരമല്ല.ജനങ്ങളുടെ അവകാശങ്ങക്കും മെച്ചപ്പെട്ട ജീവിതത്തിനുമായി നിരന്തരം പോരാടുകയും ജനാധിപത്യ സംവിധാനത്തിൽ അവസരം ലഭിച്ചപ്പോഴെല്ലാം സമൂഹത്തിലെ സാധാരണക്കാരുടെ ഉയർച്ചക്കായി നിയമങ്ങളൂം ക്ഷേമപദ്ധതികളും യാഥാർത്ഥ്യമാക്കുകയും ചെയ്ത കമ്യൂണിസ്റ്റ് – ഇടതു പക്ഷ പ്രസ്ഥാനങ്ങളെ അവർ തിരിച്ചറിയുക തന്നെ ചെയ്യും.
കമ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദി വർഷത്തിൽ, അതിന്റെ മഹിതമായ പൈതൃകത്തിന് അനുയോജ്യമായ വിധത്തിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നേതൃത്വം നൽകുന്ന ഒരു ജനകീയ സർക്കാർ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചുകൊണ്ട് സമാനതകളില്ലാത്ത വികസന-ക്ഷേമ പ്രവർത്തനങ്ങളുമായി കാലാവധി പൂർത്തീകരിക്കുകയാണ്.
ഐതിഹാസിക പൈതൃകമുള്ള കമൂണിസ്റ്റ് ഇടതുപക്ഷ പ്രസ്ഥാനങ്ങളൂടെ ജനപക്ഷ രാഷ്ട്രീയത്തോടൊപ്പം എൽഡിഎഫ് സർക്കാർ കൈവരിച്ച നേട്ടങ്ങളും ജനങ്ങളിലെത്തിക്കുകയെന്ന ദൗത്യവും നിർവ്വഹിക്കാനാവണം. നൂറ് വർഷം പിന്നിടുന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം പിന്നിട്ട പാതകളിൽ നടത്തിയ ജനപക്ഷ ഇടപെടലുകളുടെ അനുഭവങ്ങൾ പുതിയ കാലഘട്ടം ആവശ്യപ്പെടുന്ന കടമകൾ ഏറ്റെടുക്കാനുള്ള കരുത്തായിത്തീരും.
കെ.പി.സതീഷ്ചന്ദ്രൻ(സിപിഎം സംസ്ഥാന സമിതി അംഗം)