നെല്ല് സംഭരണം നാളെ പുനരാരംഭിക്കും; മില്ലുടമകൾ സമരം പിൻവലിച്ചു

കൊച്ചി: സംസ്ഥാനത്ത് നെല്ല് സംഭരണം നാളെ മുതൽ പുനരാരംഭിക്കും. മില്ലുടമകൾ രണ്ടാഴ്ചയായി നടത്തിവന്നിരുന്ന സമരം പിൻവലിച്ചു. മില്ലുടമകൾ ഉന്നയിച്ച പ്രശ്നങ്ങൾ മൂന്ന് മാസത്തിനകം പരിഹരിക്കാമെന്ന ഭക്ഷ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിച്ചത്.

54 മില്ലുടമകൾ നെല്ല് സംഭരിക്കാതെ രണ്ടാഴ്ചയായി നടത്തിവന്ന സമരമാണ് അവസാനിപ്പിച്ചത്. കുട്ടനാട്ടിൽ ഉൾപ്പെടെ പാടശേഖരങ്ങളിൽ നെല്ല് കൊയ്ത് കൂട്ടിയ കർഷകർക്ക് ഇതോടെ ആശ്വാസമായി. കർഷകർ സമരം ശക്തമാക്കിയതോടെ പ്രശ്നത്തിന് താൽക്കാലിക പരിഹാരം കാണാൻ ഭക്ഷ്യമന്ത്രി ഇന്ന് കൊച്ചിയിലെ മില്ലുടമകളുമായി ചർച്ച നടത്തി.

2018 ലെ പ്രളയത്തിൽ സംഭരിച്ച നെല്ലിനുണ്ടായ നഷ്ടം നികത്താൻ 15 കോടി രൂപ നൽകണമെന്നും നെല്ല് സംസ്കരണച്ചെലവ് 2 രൂപ 14 പൈസയിൽ നിന്ന് 2 രൂപ 86 പൈസയായി ഉയർത്തണമെന്നുമാണ് മില്ലുടമകളുടെ ആവശ്യം. നേരത്തെ ഒരു ക്വിന്‍റൽ നെല്ല് സംസ്കരിക്കുമ്പോൾ 64 കിലോ അരി സപ്ലൈകോയ്ക്ക് നൽകണമായിരുന്നു. ഇത് പരിഷ്കരിച്ചതിലൂടെ ക്വിന്‍റലിന് 68 കിലോഗ്രാം എന്ന നിബന്ധനയാണ് സർക്കാർ മുന്നോട്ട് വച്ചത്. ഇത് പുനഃസ്ഥാപിക്കണമെന്നും മില്ലുടമകൾ ആവശ്യപ്പെട്ടു. 

ഈ വിഷയങ്ങളെല്ലാം ചർച്ച ചെയ്യാമെന്നാണ് സർക്കാരിന്റെ നിലപാടെന്ന് മന്ത്രി മില്ലുടമകളെ അറിയിച്ചു. അതേസമയം നെല്ല് സംഭരണ സമയത്തെ ഈർപ്പത്തിന്‍റെ അളവ് ചൂണ്ടിക്കാട്ടി വലിയ കിഴിവ് നൽകാനാവില്ലെന്ന നിലപാടിലാണ് കർഷകർ. ഈർപ്പം 17 ശതമാനത്തിന് മുകളിലാണെങ്കിൽ ക്വിന്‍റലിന് 5 മുതൽ 10 കിലോഗ്രാം വരെ കിഴിവ് നൽകേണ്ട അവസ്ഥയിലാണ് കർഷകർ. ഇത് ക്വിന്‍റലിന് 4,000 രൂപ വരെ നഷ്ടമുണ്ടാക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.

K editor

Read Previous

സ്റ്റീൽ വിലയിൽ വൻ ഇടിവ്; 40 ശതമാനം വില കുറഞ്ഞു

Read Next

മഹാരാഷ്ട്രയിലെ 32 ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥർ കുരങ്ങുകൾ