ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ലഖ്നൗ: എഞ്ചിനീയറിംഗ്, എംബിബിഎസ് കോഴ്സുകൾ ഉടൻ തന്നെ ഹിന്ദിയിലും പഠിപ്പിക്കാൻ ആരംഭിക്കുമെന്ന് യു.പി സർക്കാർ. ഇന്ത്യയിലെ ആദ്യത്തെ ഹിന്ദിയിലുള്ള എംബിബിഎസ് പുസ്തകം ആഭ്യന്തര മന്ത്രി അമിത് ഷാ പുറത്തിറക്കിയതിന് പിന്നാലെയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രഖ്യാപനം.
മെഡിക്കൽ വിദ്യാഭ്യാസത്തിനും എഞ്ചിനീയറിംഗിനുമായി പുസ്തകങ്ങൾ വിവർത്തനം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചതായി ആദിത്യനാഥ് ട്വിറ്ററിൽ കുറിച്ചു. ഉത്തർപ്രദേശിലെ ചില മെഡിക്കൽ, എഞ്ചിനീയറിംഗ് പുസ്തകങ്ങൾ ഹിന്ദിയിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ടെന്നും ഈ കോഴ്സുകളും പുസ്തകങ്ങളും വരും വർഷങ്ങളിൽ ഹിന്ദിയിൽ ലഭ്യമാകുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഭോപ്പാലിലെ ഗാന്ധി മെഡിക്കൽ കോളേജിൽ ഇന്ത്യയിലെ ആദ്യ ഹിന്ദി എംബിബിഎസ് പുസ്തകം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രകാശനം ചെയ്തിരുന്നു. ഇതോടെ എംബിബിഎസ് വിദ്യാർത്ഥികൾക്ക് ഹിന്ദിയിൽ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ് മാറി. നിലവിൽ മൂന്ന് വിഷയങ്ങൾ ഹിന്ദിയിൽ പഠിക്കാൻ അവസരമുണ്ട്. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി എന്നിവയാണവ. ഈ ഹിന്ദി എംബിബിഎസ് പുസ്തകങ്ങൾ തയ്യാറാക്കാൻ 97 വിദഗ്ദ്ധരുടെ ഒരു സംഘം പ്രവർത്തിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. 232 ദിവസമാണ് ഇംഗ്ലീഷിൽ നിന്ന് ഹിന്ദിയിലേക്ക് സിലബസ് പരിഭാഷപ്പെടുത്താൻ ഇവർ ചെലവഴിച്ചത്.